X

മദ്‌റസ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന സംഭവം: നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്‌റസാ വിദ്യാര്‍ത്ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രദേശവാസികളായ നാലു കുട്ടികള്‍ അറസ്റ്റില്‍. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി മാളവിക നഗര്‍ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

മുഹമ്മദ് അസീം

ദാറുല്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയും ഹരിയാന സ്വദേശിയുമായ എട്ടുവയസ്സുകാരന്‍ മുഹമ്മദ് അസീമിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ മാല്‍വിയ നഗറിനു സമീപത്തെ ബീഗംപൂര്‍ ഗ്രാമത്തിലാണ് സംഭവം. മദ്‌റസയുടെ പരിസരവാസികള്‍ അതിക്രൂരമായാണ്  പീഡിപ്പിച്ചു കൊന്നത്. അടിച്ചുകൊന്നവരില്‍ രണ്ടു പേരെ അധ്യാപകര്‍ ചേര്‍ന്ന് പിടിച്ചെങ്കിലും കുട്ടികളുടെ അമ്മ വന്ന് ബലമായി തിരികെ കൊണ്ടു പോവുകയായിരുന്നു.

പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ആരെയും പിടികൂടിയില്ല. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചു. വ്യാഴാഴ്ച അവധിയായതിനാല്‍ മദ്‌റസയുടെ സ്ഥലത്ത് കളിക്കാന്‍ പോയതായിരുന്നു അസീം. കളിക്കിടയിലുണ്ടായ കശപിശയെ തുടര്‍ന്ന് പുറത്തുനിന്ന് വന്ന മുതിര്‍ന്ന കുട്ടികള്‍ കല്ലേറ് നടത്തി. പിന്നീട് വലിയ പടക്കംപൊട്ടിച്ച് അസീമിനുനേരെ എറിഞ്ഞു. ശേഷം കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ വലിയ വടിയെടുത്ത് അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീണു.

ആക്രമണമറിഞ്ഞ് ഗ്രൗണ്ടിലെത്തിയവര്‍ വീണുകിടന്ന അസീമിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തേ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം പതിവാണെന്നും പരാതി നല്‍കിയിട്ടും ഡല്‍ഹി പൊലീസ് ഇതുവരെയു നടപടിയുമെടുത്തിരുന്നില്ലെന്നും കുട്ടികളുടെ കെയര്‍ടേക്കറായ മുംതാസ് പറഞ്ഞു. മുതിര്‍ന്നവര്‍ മദ്യപിച്ചു വന്ന് കുട്ടികളെ അക്രമത്തിനായി പറഞ്ഞുവിടുകയാണ് ചെയ്യാറ്. 1968 മുതല്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയാണിത്. 50ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മദ്‌റസയുടെയും പള്ളിയുടെയും ഭൂമി കിട്ടാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാം കാരണമെന്നാണ് ആരോപണം. മദ്‌റസക്കും പള്ളിക്കും നേരെ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ പതിവാണെന്നും എന്നാല്‍ കൊലപാതകം നടക്കുന്നത് ആദ്യമാണെന്നും മദ്‌റസയിലുള്ള മുഹമ്മദ് ശാകിര്‍ വെളിപ്പെടുത്തി.

chandrika: