X

സനാതന ധര്‍മ വിവാദത്തില്‍ പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി; അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത്

ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ സുപ്രധാന പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രത്തോടും രാജാവിനോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാശ്വതമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മമെന്ന് കോടതി പരാമര്‍ശിച്ചു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, തിരുവാരൂര്‍ ജില്ലയിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥികളോട് സനാതനധര്‍മ വിവാദത്തില്‍ തങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഇളങ്കോവന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍ ശേഷസായിയുടെ പരമാര്‍ശം. സനാതന ധര്‍മം ജാതീയതയും തൊട്ടുകൂടായ്മയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശയമാണ് നിലവില്‍ ഉയര്‍ന്നുവരുന്നതെന്നും ആ ധാരണ ശരിയല്ലെന്നും കോടതി വീക്ഷിച്ചു. തുല്യഅവകാശങ്ങളുള്ള പൗരന്മാരില്‍ തൊട്ടുകൂടായ്മ അനുവദിക്കാനാകില്ല. സനാതന ധര്‍മത്തിലെവിടെയെങ്കിലും തൊട്ടുകൂടായ്മ അനുവദിച്ചാല്‍ പോലും ഭരണഘടനയുടെ 17ാം അനുച്ഛേദ പ്രകാരം തൊട്ടുകൂടായ്മ അവസാനിപ്പിച്ചതാണെന്നും കോടതി പറഞ്ഞു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ആര്‍ക്കും പരുക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും ജസ്റ്റിസ് എന്‍ ശേഷസായി കൂട്ടിച്ചേര്‍ത്തു.

webdesk11: