കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്ഥലംമാറ്റം. ജസ്റ്റിസ് സഞ്ജീവ് ബാനർജിയെ ആണ് സ്ഥലം മാറ്റിയത്. മേഘാലയ ഹൈക്കോടതിയിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്. തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യവുമായി അഭിഭാഷകർ രംഗത്ത് വന്നിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് 200 അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേന്ദ്രത്തെ വിമർശിച്ചതിനുള്ള പ്രതികാരനടപടി ആയിട്ടാണ് സംഭവം വിലയിരുത്തപ്പെടുന്നത്. മതിയായ കാരണങ്ങളൊന്നുമില്ലാതെ ധൃതി പിടിച്ചായിരുന്നു സ്ഥലംമാറ്റം. ജുഡീഷ്യറിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത കേന്ദ്ര നടപടിക്കെതിരെ അഭിഭാഷകർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.