ഇസ് ലാമിലെ രണ്ടാമത്തെ വിശുദ്ധനഗരമായ മദീനയെ ആസൂത്രിതമായി വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറായതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി വിവിധ ഹോട്ടല്‍ ശൃംഖലകളും മാളുകളും താമസഭക്ഷണ സൗകര്യങ്ങളും റോഡുകളും വികസിപ്പിക്കാനാണ് പദ്ധതിയൊരുങ്ങുന്നത്. ഇസ്്‌ലാമിനെക്കുറിച്ചുള്ള അറിവുകള്‍ പകരുന്ന സംവിധാനങ്ങളും ലൈബ്രറികളും ഇതിനായി ഒരുക്കും. ഇതിന്റെ രൂപരേഖ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റുആ അല്‍ മദീന ഹോള്‍ഡിംഗ് പുറത്തുവിട്ടു. രാജകുടുംബം ഇതിനായി പ്രത്യേകതാല്‍പര്യമെടുക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. വിഷന്‍ -2030 പദ്ധതിയുടെ ഭാഗമായാണിത്. ലോകത്തെ വലിയ ഇസ്്‌ലാമിക സാംസ്‌കാരികനഗരിയായാണ് മദീന ഉയര്‍ത്തപ്പെടുക. 37 ബില്യന്‍ ഡോളറാണ് പദ്ധതിക്കായി ചെലവഴിക്കുകയെന്ന് റുആ അല്‍ മദീന സി.ഇ.ഒ മുഹമ്മദ് ഖലീല്‍ പറഞ്ഞു. 140, 120, 466, 328 മുറികളുള്ള ഹോട്ടലുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കും.