X

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി കമല്‍നാഥ് സര്‍ക്കാറിന്റെ നിയമ ഭേദഗതിക്ക് അനുകൂലമായി രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടു ചെയ്തു

ഭോപാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ രണ്ട് ദിവസത്തിനകം മറിച്ചിടുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് മണിക്കൂറുകള്‍ക്കകം തിരിച്ചടി. സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമ ഭേദഗതിക്ക് അനുകൂലമായി രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടു ചെയ്തു.
ബി.ജെ.പി നേതൃത്വത്തിലെ ഒന്നും രണ്ടും നിര്‍ദേശിച്ചാല്‍ സര്‍ക്കാറിനെ രണ്ട് ദിവസത്തിനകം താഴെ ഇറക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോപാര്‍ ഭാര്‍ഗവിന്റെ ഭീഷണി. എന്നാല്‍ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കമല്‍നാഥ് ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിന് അനുകൂലമായി ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടു ചെയ്തത്. എല്ലാ ദിവസവും ബി.ജെ.പി പറയുന്നു സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന് എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിക്ക് രണ്ട് ബി. ജെ.പി എം.എല്‍.എമാര്‍ അനുകൂലമായി വോട്ടു ചെയ്തു.
തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷമല്ലെന്നും കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസിന് 122 പേരുടെ പിന്തുണയാണ് വോട്ടെടുപ്പില്‍ ലഭിച്ചത്. ഇത് തന്റെ ഘര്‍വാപസിയാണെന്നായിരുന്നു (വീട്ടിലേക്കുള്ള മടക്കം) കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാഠിയുടെ പ്രതികരണം.
നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ത്രിപാഠി 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ശരത് കോല്‍ ആണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത രണ്ടാമത്തെ എം.എല്‍.എ.230 അംഗ നിയമസഭയില്‍ 114 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 109 അംഗങ്ങളാണുള്ളത്. നാല് സ്വതന്ത്രരും രണ്ട് ബി.എസ്.പി എം.എല്‍.എമാരും ഒരു എസ്.പി എം.എല്‍.എയും കമല്‍നാഥ് സര്‍ക്കാറിനെ പിന്തുണക്കുന്നുണ്ട്.

web desk 1: