X
    Categories: CultureNewsViews

25 പേരെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ഗോമാതാ കീ ജയ് വിളിപ്പിച്ചു

കാണ്ഡ്‌വ: മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയിലെ കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു പോയവരെ പിടികൂടി ക്രൂരമര്‍ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ കാണ്ഡ്‌വ ജില്ലയിലാണ് സംഭവം.
കാലികളെ കൊണ്ടുപോയ 25 പേരെ 100 ഓളം വരുന്ന തീവ്ര ഹിന്ദുത്വവാദികള്‍ പിടികൂടി ഒരു കയറില്‍ ബന്ധിപ്പിച്ച് രണ്ട് കിലോമീറ്ററോളം നടത്തിക്കുകയും ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തു. വടികളും ദണ്ഡുകളുമായി 25 പേരെയും മര്‍ദ്ദിച്ച സംഘം ചെവിയില്‍ പിടിച്ച് ഏത്തമിടീക്കുകയും ഗോ മാതാ കീ ജയ് വിളിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാന്‍വാലികേഡ ഗ്രാമത്തിലാണ് പശു സംരക്ഷണത്തിന്റെ പേരില്‍ ഹിന്ദുത്വ ഗുണ്ടകള്‍ അഴിഞ്ഞാടിയത്. അതേ സമയം ക്രൂര മര്‍ദ്ദനത്തിനിരയായ 25 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. ആവശ്യമായ അനുമതി കൂടാതെ കന്നു കാലികളെ കടത്താന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റം. മര്‍ദ്ദനം നടത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് കാണ്ഡ്വ ജില്ലാ പൊലീസ് സൂപ്രണ്ട് ശിവ് ദയാല്‍ സിങ് അറിയിച്ചു.
100 ഓളം വരുന്ന ഗ്രാമീണര്‍ 25 അംഗ സംഘത്തെ രണ്ടു കിലോമീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കയറില്‍ ബന്ധിച്ച് എത്തിക്കുകയായിരുന്നെന്നും 21 ട്രക്കുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: