ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കൂട്ടബലാത്സംഗത്തിന് ഇരയായ മുപ്പത്തിമൂന്നുകാരിയായ ദളിത് യുവതിയാണ് ആത്മഹത്യ ചെയ്തത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിയെ വെള്ളിയാഴ്ച നര്‍സിങ്പൂര്‍ ജില്ലയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതില്‍ യുവതി അസ്വസ്ഥയായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധു അരോപിച്ചു. കേസെടുക്കുന്നതിന് പകരം പരാതി നല്‍കാനെത്തിയ യുവതിയുടെ ഭര്‍ത്താവിനേയും ബന്ധുക്കളേയും പോലീസ് ഔട്ട്‌പോസ്റ്റില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും അടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ബന്ധു ആരോപിച്ചു.
സംഭവം ഏറെ വിവാദമായതോടെ യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വീടിന് സമീപം വെള്ളമെടുക്കാനായി പോയ യുവതിയെ അയല്‍ക്കാരിയായ ഒരു സ്ത്രീ പീഡനത്തിന് ഇരയായ കാര്യം പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.