മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായിരുന്ന രോഹിത് ആര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. 2024 ഏപ്രിലിലാണ് ആര്യ വിരമിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യമെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ആര്യ പറഞ്ഞു. പൊതുജീവിതത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. പൊതുനന്മക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ശനിയാഴ്ച പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് ബി.ജെ.പിയുമായി ബന്ധമുള്ള ഒരുവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് സംഘാടകരില്‍ ചിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുകൂടേ എന്ന് ചോദിച്ചിരുന്നു. സെമിനാറില്‍ പങ്കെടുത്തപ്പോള്‍ ‘പോസിറ്റിവ് എനര്‍ജി’ അനുഭവപ്പെട്ടെന്ന് ആര്യ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പിയുടെ ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നയാളാണെന്ന് ബോധ്യമായി. തുടര്‍ന്ന്, ബി.ജെ.പി ഓഫിസിലെത്തി അംഗത്വം സ്വീകരിക്കുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.
ഹൈകോടതി ജഡ്ജിയായിരിക്കെ, 2021ല്‍ ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ആര്യ ജാമ്യം നിഷേധിച്ചത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന്, ഫാറൂഖിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
2020 ജൂലൈയില്‍ ബലാത്സംഗക്കേസില്‍ ഇരയെക്കൊണ്ട് രാഖി കെട്ടിച്ച് വന്നാല്‍ ജാമ്യം പരിഗണിക്കാമെന്ന ആര്യയുടെ വിധി വിവാദമായിരുന്നു. തുടര്‍ന്ന്, വിഷയം കേട്ട സുപ്രീംകോടതി വിധി റദ്ദാക്കുകയും കീഴ്‌കോടതികള്‍ക്ക് വിധി പ്രഖ്യാപിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുകയുമായിരുന്നു.