ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി വിമതര്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരിക്കെ പിന്മാറാതിരുന്ന 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഇതിലുള്‍പ്പെടും.
വിമത സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തു നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടും മത്സരിക്കുമെന്ന തീരുമാനത്തില്‍ ഭൂരിപക്ഷം പേരും ഉറച്ചു നില്‍ക്കുകയായിരുന്നു. മുന്‍ മന്ത്രിമാരായ രാമകൃഷ്ണ കുസ്മരിയ, കെ.എല്‍ അഗര്‍വാള്‍, മൂന്ന് മുന്‍ എം.എല്‍.എമാര്‍, ഒരു മുന്‍ മേയര്‍ തുടങ്ങിയവരും ഇതിലുള്‍പ്പെടുന്നു.
ദമോ മണ്ഡലത്തില്‍ മത്സരിക്കുന്ന ധനമന്ത്രി ജയന്ത് മല്ലയ്യയാണ് ബിജെപിയില്‍ ഏറ്റവും വിമത ഭീഷണി നേരിടുന്ന പ്രമുഖന്‍. രാമകൃഷ്ണ കുസ്മരിയയാണ് ജയന്ത് മല്ലയ്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ മാസം 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.