സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നുമാണ് ചൗഹാന്‍ ആവശ്യപ്പെട്ടത്. ബദ്വാനിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള ഏക സിവില്‍ കോഡ് എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ അവതരിപ്പിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പൊതു നിയമത്തെയാണ് ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് വക്താക്കളുടെ വാദം.