മധ്യപ്രദേശിനെ അഴിമതിയുടെ തലസ്ഥാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്ന വൈറല്‍ വീഡിയോയെ കറിച്ച് സംസാരിക്കുകയിരുന്നു രാഹുല്‍ ഗാന്ധി.
”ഇന്ന് മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനമാണ്, ബിജെപി നേതാവ് നരേന്ദ്ര സിംഗ് തോമര്‍ ജിയുടെ മകന്റെ വീഡിയോ നിങ്ങള്‍ കണ്ടിരിക്കണം, അവര്‍ നിങ്ങളുടെ പണം കൊള്ളയടിക്കുന്നു. ബിജെപി നേതാക്കളുടെ കൊള്ളയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ നഷ്ടം സഹിക്കുകയാണ്” രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ നല്‍കുമെന്നും കര്‍ഷകരുടെ 2 ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്നും ഗോതമ്ബിന് 2600 രൂപ കുറഞ്ഞ താങ്ങുവില നല്‍കുമെന്നും അത് 3000 രൂപയായി വരെ ഉയരുമെന്നും 100 വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 18,000 കര്‍ഷകര്‍ കടം മൂലം ആത്മഹത്യ ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തുടങ്ങിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരെ കൊള്ളയടിച്ചുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.