X
    Categories: MoreViews

മധുവിന്റെ മരണം: എട്ടുപേര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തിയേക്കും

 

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പുറത്തുവിട്ട സൂചന.

മധുവിനെ മുക്കാലി പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്താന്‍ സാധ്യതയുള്ളത്. കേസില്‍ അറസ്റ്റിലായ മുക്കാലി മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്പറ്റിയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ധിഖ്, പൊതുവച്ചോലയില്‍ അബുബക്കര്‍ എന്നിവരാണ് മധുവിനെ മര്‍ദിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ഇതില്‍ മേച്ചേരില്‍ ഹുസൈന്‍ മധുവിന്റെ നെഞ്ചില്‍ ചവിട്ടിയതാണ് മരണകാരണമായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തുക എന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ അറസ്റ്റിലായ മറ്റ് എട്ട് പ്രതികളും മധുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിടികൂടാന്‍പോയ സംഘത്തിനൊപ്പം പോവുകയുമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ പട്ടികവര്‍ഗപീഡന നിരോധനനിയമം, അനധികൃമായി വനമേഖലയില്‍ പ്രവേശിക്കല്‍ എന്നീ നിയമങ്ങള്‍ ബാധകമാണെന്നും പോലീസ് പറയുന്നു.

chandrika: