പാലക്കാട്: അട്ടപ്പാടിയിലെ മധുവിനെ ആരും മറന്നുകാണാനിടയില്ല. വിശന്നു വലഞ്ഞ ആ ചെറുപ്പക്കാരന്‍ പലചരക്കുകടയില്‍ നിന്ന് ഒരു നേരത്തെ ആഹാര സാധനം മോഷ്ടിച്ചു എന്നതായിരുന്നു ചെയ്ത തെറ്റ്. കള്ളന്‍ എന്ന കുറ്റം ചുമത്തി ആള്‍ക്കൂട്ടം തന്നെ വിചാരണയും ശിക്ഷയും നടപ്പാക്കിയതോടെ മധുവിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍. സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു മധുവിനെ തല്ലിക്കൊന്ന സംഭവം. സഹോദരനെ കൊന്ന അതേ ആള്‍ക്കൂട്ടത്തിനു നടുവിലൂടെ പൊലീസ് കുപ്പായമിട്ട് നടക്കാന്‍ കഴിയുന്നതിന്റെ നിര്‍വൃതിയിലാണിന്ന് മധുവിന്റെ സഹോദരി ചന്ദ്രിക.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ് മധുവിന്റെ പെങ്ങള്‍ ചന്ദ്രിക. കേരള പൊലീസ് സേനയുടെ ഭാഗമാകാനുള്ള ട്രെയ്‌നിങ് വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു ഈ മിടുക്കി. തൃശൂരിലെ പൊലീസ് അക്കാദമി മൈതാനത്തായിരുന്നു ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ജനക്കൂട്ടം തല്ലി കൊന്നത്. അന്ന് കേരള പൊലീസിന്റെ ഭാഗമാകാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു ചന്ദ്രിക. സഹോദരന്റെ വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തിയാണ് ചന്ദ്രിക ട്രെയ്‌നിങ് പൂര്‍ത്തിയാക്കിയത്.
ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.