വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ വിവാദ നടപടിയുമായി ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലത. പോളിങ് ബൂത്തില്‍ മാധവി സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.
ഹൈദരാബാദില്‍ എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തുന്നത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണു നടപടി. സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖ വാങ്ങിയ ശേഷം ബുര്‍ഖ അഴിപ്പിച്ചാണു പരിശോധന നടത്തിയത്.
പോളിങ് ബൂത്തിനകത്ത് കയറി റിട്ടേണിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഇവര്‍ കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടിങ് നടപടികള്‍ തടസപ്പെടുത്തിയാണ് ഇവര്‍ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കുന്നത്. വോട്ടര്‍മാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവര്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നത്.
ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉവൈസിയും മാധവിയുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 5 വര്‍ഷം മുന്‍പുള്ള സ്ഥിതിയല്ല ഇത്തവണയെന്നും വെല്ലുവിളികളും വിഷയങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്ത് ആയാലും ലോക്സഭ ആയാലും എല്ലാ തെരഞ്ഞെടുപ്പിനെയും എതിരാളികളെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി.
പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബര്‍ ബസാര്‍ ജങ്ഷനിലെ മസ്ജിദിനുനേരെ ഇവര്‍ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബര്‍ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോള്‍ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ആഘോഷങ്ങള്‍ക്കിടെ അനിഷ്ടസംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പള്ളി പൂര്‍ണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രകോപനപരമായ നടപടി.
സംഭവം വലിയ വിവാദമായതോടെ വാര്‍ത്തകള്‍ നിഷേധിച്ച് മാധവി രംഗത്തെത്തി. താന്‍ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. ലതയ്‌ക്കെതിരെ ചുമത്തിയത്. വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും പ്രടമായ അംഗവിക്ഷേപങ്ങള്‍ കൊണ്ടും ബോധപൂര്‍വം ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയത്.