സംവിധായകന്‍ ലോകേഷ് കനകരാജിന്റെ രചനയില്‍ രാഘവ ലോറന്‍സ് നായകനാകുന്ന ചിത്രമാണ് ബെന്‍സ്. ലോറന്‍സിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് സിനിമ പ്രേമികള്‍ക്കിടയില്‍ പ്രത്യേക ഫാന്‍ ബെയ്സ് ഉണ്ട്.
ഇപ്പോഴിതാ എല്‍സിയു കഥ പറയുന്ന സിനിമയില്‍ മാധവനും ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെയാകും നടന്‍ അവതരിപ്പിക്കുക എന്നാണ് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനെ ഉദ്ധരിച്ച് ടൈംസ് എന്റര്‍ടൈന്‍മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അജയ് ദേവ്ഗണ്‍ നായകനായ ശൈതാന്‍ എന്ന സിനിമയില്‍ മാധവന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍സിയുവിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ചാപ്റ്റര്‍ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. വിക്രം, ദില്ലി, റോളക്‌സ്, അമര്‍, സന്ദാനം, ലിയോ തുടങ്ങിയ എല്‍സിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതില്‍ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
2019 ല്‍ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എല്‍സിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2, റോളക്സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.