X
    Categories: CultureNewsViews

വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം

ഗഫൂര്‍ പട്ടാമ്പി
മദീന: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ മസ്ജിദ് നബവ്വിയും പ്രവാചക പട്ടണവും അണിഞ്ഞൊരുങ്ങി. ആഗോള മുസ്‌ലിം ജനതയുടെ സംഗമ ഭൂമികളില്‍ ഒന്നായ മദീനയിലെ ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ആത്മീയ നിര്‍വൃതിയുടെ ദിനങ്ങളായിരിക്കും. ആഭ്യന്തര വിശ്വാസികളെ കൊണ്ടും ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കായ വിശ്വാസി സമൂഹത്തെ കൊണ്ടും മദീന നഗരി നിറഞ്ഞ് കവിയും.
വിശുദ്ധ റമസാനിലെ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മസ്ജിദു നബവ്വിയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ദിനങ്ങളില്‍ നിന്ന് വിഭിന്നമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജരായ പതിനായിരക്കണക്കിനായി വരുന്ന സുരക്ഷ ഉദ്യാഗസ്ഥരും രണ്ടായിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികളും കര്‍മ്മനിരതരാകും. വിശ്വാസികളുടെ ആരോഗ്യ പരിപാലനത്തിനായി രാപകല്‍ ഭേദമന്യേ സുസജ്ജമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും, ആംബുലന്‍സ് സര്‍വ്വീസുകളും, ഹറം കവാടങ്ങളിലായി പ്രത്യേക ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. മസ്ജിദുനബവ്വിയിലെത്തുന്ന വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിവിധ ഭാഷകളിലുള്ള കൂറ്റന്‍ സൈന്‍ ബോര്‍ഡുകളും ലെഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളും മസ്ജിദു നബവിയുടെ തിരുമുറ്റങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗരായ വിശ്വാസികള്‍ക്ക് വീല്‍ ചെയറുകള്‍ 26-ാം കവാടത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ ഓഫീസുകളില്‍ തങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ലഭ്യമാകുകയും ചെയ്യുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസികളുടെ സുരക്ഷക്കായി ഇരുപത്തിനാല് മണിക്കൂറും സജ്ജമായ ആയിരക്കണക്കിനായ സുരക്ഷ വിഭാഗവും വിശുദ്ധ റമസാനില്‍ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ വിപുലമായ സൗകര്യങ്ങളും മസ്ജിദുന്നബവ്വിയുടെ പരിസരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ മസ്ജിദുനബവിക്കകത്ത് ചിപ്പുകള്‍ ഘടിപ്പിച്ച 20700 പുതിയ രീതിയിലുള്ള പരവതാനികളും റമസാന്‍ പ്രമാണിച്ച് ഹറം അധികൃതര്‍ മസ്ജിദ് നബവിയില്‍ ഒരുക്കിയിട്ടുണ്ട്. മദീന പള്ളിയില്‍ ഇഹ്ത്തിക്കാഫിന് ഇരിക്കുവാനും സുപ്രകള്‍ വിരിക്കുവാനുമുള്ള നടപടികള്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് അധികൃതര്‍ സംവിധാനിച്ചിരിക്കുന്നത്. മക്കയില്‍ നിന്ന് മദീനയിലെത്തിയ പ്രവാചകനെയും അനുയായികളെയും ആദരപൂര്‍വ്വം സ്വീകരിക്കാന്‍ മത്സരിച്ച അന്‍സാരികളുടെ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് വിശുദ്ധ റമസാനില്‍ മസ്ജിദുനബവ്വിയിലെ ഇഫ്ത്താര്‍ വിരുന്നുകളില്‍ ദര്‍ശിക്കാറുള്ളത്.
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വര്‍ഗഭാഷ ദേശ ഗോത്രങ്ങള്‍ വ്യത്യാസമില്ലാതെ തങ്ങളുടെ സുപ്രകളിലേക്ക് വിശ്വാസികളെ കൈപിടിച്ച് കൊണ്ടുപോകുന്ന രീതി ഓരോ വിശ്വാസിയുടെയും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നതാണ്. പ്രവാസികളായ മലയാളി സമൂഹവും ഇത്തരം കൂട്ടാഴ്മകളില്‍ പങ്കെടുക്കാറുണ്ട് കാല്‍ നൂറ്റാണ്ടിലധികമായി മസ്ജിദു നബവ്വിക്കുള്ളില്‍ ഇഫ്ത്താര്‍ വിരുന്നു ഒരുക്കുന്ന മദീന കെ എം സി സി ഇത്തവണയും പ്രവര്‍ത്തന രംഗത്തുണ്ട് വനിത വിംഗിന്റെ നേതൃത്വത്തില്‍ മസ്ജിദ് നബവിയുടെ തിരുമുറ്റത്ത് സ്ത്രീകള്‍ക്കുള്ള ഇഫ്താര്‍ വിരുന്നും സജീവമാണ്. പവിത്രമായ ദിനരാത്രങ്ങള്‍ വന്നണയുന്നതോടെ മദീന പട്ടണവും മദീന വാസികളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശ്വാസികളെ സ്വീകരിക്കുവാനൊരുങ്ങുകയാണ് ഇനി മുപ്പത് ദിനരാത്രങ്ങള്‍ ആത്മ വിശുദ്ധിയുടെ നാളുകള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: