അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : മദീനക്കടുത്ത് കഴിഞ്ഞ വെള്ളിയാഴ്ച്ച അർധരാത്രിയോടെ വാഹനാപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെയും മകളുടെയും ഖബറടക്കം മക്കയിലും മദീനയിലുമായി നടന്നു . ഇന്ന് സുബ്ഹി നിസ്കാരത്തിന് ശേഷമാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്തുകൾ ഖബറടക്കിയത്. അപകടത്തിൽ പെട്ട് മരണമടഞ്ഞ പറമ്പിൽ പീടികക്കടുത്ത പെരുവള്ളൂർ സ്വദേശി ചാത്രത്തൊടി തൊണ്ടിക്കോടൻ നാറമ്പള്ളി അബ്ദുൽ റസാഖ് , ഭാര്യ ഫാസില എന്നിവരുടെ മയ്യത്ത് മക്കയിൽ ജന്നത്തുൽ മഅല്ലയിലാണ് ഖബറടക്കിയത്. മകൾ ഫാത്തിമ റസാനിന്റെ മയ്യത്ത് മദീനയിൽ ജന്നത്തുൽ ബക്കീഇലാണ് ഖബറടക്കി. ഖുലൈസ് ജനറൽ ആസ്പത്രിയിലായിരുന്ന റസാക്കിന്റെയും ഫാസിലയുടെയും മൃതദേഹങ്ങൾ ഇന്നലെ രാത്രി മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ മക്കയിലെത്തിച്ചിരുന്നു. മകൾ ഫാത്തിമ റസായുടെ മയ്യത്ത് മദീനയിൽ ആസ്പത്രിയിലാണുണ്ടായിരുന്നത്. ബന്ധുക്കളോടും നാട്ടുകാരോടുമൊപ്പം കെഎംസിസി നേതാക്കളായ മുജീബ് പൂക്കോട്ടൂർ , ഹാരിസ് പെരുവള്ളൂർ , സി സി കരീം എന്നിവർ മക്കയിൽ ഖബറടക്കത്തിനു നേതൃത്വം നൽകി. മദീനയിൽ ബന്ധുക്കളോടൊപ്പം കെഎംസിസി നേതാക്കളായ സൈദ് മൂന്നിയൂർ , മുഹമ്മദ് റിപ്പൺ എന്നിവരും സാമൂഹ്യ പ്രവർത്തനായ അസീസും പങ്കെടുത്തു.
വെള്ളിയാഴ്ച്ച മദീന സിയാറത്ത് പൂർത്തിയാക്കി ഇശാ നിസ്കാരം മദീന ഹറമിൽ നിന്ന് നിസ്‌കരിച്ച് ഭക്ഷണവും കഴിച്ച് രാത്രി ഒമ്പതരയോടെ 475 കിലോമീറ്റർ ദൂരമുള്ള തായിഫിലേക്ക് തിരിച്ച് പോവുകയായിരുന്നു റസാഖും കുടുംബവും. യാത്ര പകുതിയോളം പിന്നിട്ടപ്പോഴാണ് നിനച്ചിരിക്കാതെ ദുരന്തമെത്തിയത്. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി റസാഖ് തന്റെ പുതിയ ഫോർച്ചുണർ കാർ വെട്ടിക്കുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ വാഹനത്തിനുള്ളിൽ അകപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂത്ത മകൾ ഫാത്തിമ റുനാഹ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അംനയിലെ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ദമ്പതികളും മകളും വിടവാങ്ങിയിരുന്നു. ആരും ഉറങ്ങിയിരുന്നില്ലെന്നും എല്ലാവരും സംസാരിച്ച് സന്തോഷത്തോടെ പോരുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നതെന്ന് മകൾ ഫാത്തിമ ബന്ധുക്കളോട് പറഞ്ഞു. കാലിന് ചെറിയ പരിക്കേറ്റ ഫാത്തിമ ജിദ്ദയിൽ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് . റസാഖിന്റെ മൂത്ത മകൻ റയാൻ റാസിക്ക് നാട്ടിൽ പഠിക്കുകയാണ്.
താഇഫിലെ അൽ ഗാംദി ഹോൾ സെയിൽ സെന്ററിൽ അക്കൗണ്ടന്റ് ആയിരുന്നു റസാഖ്. കുടുംബവുമായി ദീർഘ കാലമായി തായിഫിലാണ് താമസം. മകൻ നാട്ടിൽ പടിക്കുന്നതിനാൽ കുടുംബത്തെ നാട്ടിലയക്കാനുള്ള ശ്രമത്തിലായിരുന്നു റസാഖ്. ഇഖാമ ഒരു വർഷത്തേക്ക് കൂടി പുതുക്കാനായി കാത്തിരിക്കുകയായിരുന്നു . നീണ്ട റീ എൻട്രിക്ക് നാട്ടിലേക്കുള്ള യാത്രയുടെ മുന്നോടിയായാണ് മദീന സന്ദർശനം നടത്തിയത്. മലയാളി കുടുംബത്തിന്റെ അപകട മരണം സഊദിയിലെ പ്രവാസി സമൂഹത്തിനിടയിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.