ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ മര്‍ദനത്തെ തുടര്‍ന്ന് 15 വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി മരണപ്പെട്ടു. യുപിയിലെ ഔറയ്യ ജില്ലയിലാണ് സംഭവം നടന്നത്. ആദര്‍ശ് ഇന്റര്‍ കോളേജിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നിഖിത് ദോഹ്രെയാണ് മരിച്ചത്. ക്ലാസ് പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി എന്ന് ആരോപണം ഉന്നയിച്ചാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്.
സംഭവത്തിന് പിന്നാലെ ചികിത്സയിലിരിക്കെ 19ാം ദിവസമാണ് വിദ്യാര്‍ത്ഥി മരണപ്പെടുന്നത്. ശനിയാഴ്ച രാത്രി ഇറ്റാവ ജില്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടിയുടെ മരണം. കുട്ടിയെ വടിയുപയോഗിച്ച് മര്‍ദിക്കുകയും ബോധരഹിതനായി വീഴുന്നതുവരെ ചവിട്ടുകയുമാണ് അധ്യാപകന്‍ അശ്വിനി സിംഗ് ചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു.