കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ ബഹളമുണ്ടാക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി എം.എല്‍എമാരെ സസ്‌പെന്റ് ചെയ്തു. സുദീപ് മുഖോപാധ്യായ, മിഹിര്‍ ഗോസ്വാമി എന്നിവരെയാണ് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി കൊണ്ടുവന്ന പ്രമേയം സ്പീക്കര്‍ ബിമന്‍ ബാനര്‍ജി വോട്ടിനിടുകയായിരുന്നു. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം. എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഗവര്‍ണര്‍ക്ക് പ്രസംഗം മേശപ്പുറത്തു വെച്ച് മടങ്ങേണ്ടിവന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്രമത്തിന് ഇരയായവരുടെ ഫോട്ടോകളും പോസ്റ്ററുകളും വഹിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. സഭാനടപടികള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചെങ്കിലും എം.എല്‍.എമാര്‍ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ തൃണമൂല്‍ അംഗങ്ങളും ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങിയതോടെ സഭാ നടപടികള്‍ പൂര്‍ണമായും തടസപ്പെട്ടു.