കെ. മൊയ്തീന്‍കോയ
തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയെ നിലംപരിശാക്കുന്ന വിജയം കരസ്ഥമാക്കിയ ഇമ്മാനുവല്‍ മക്രോണിന് റെക്കോര്‍ഡ് നേട്ടം നിരവധി. ഫ്രാന്‍സിന്റെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡണ്ട്. മുഖ്യധാര പാര്‍ട്ടികളെ മാറ്റിനിര്‍ത്തി ഒരു വര്‍ഷം പ്രായമായ എന്‍. മാര്‍ഷ് പാര്‍ട്ടിക്ക് വിജയം സമ്മാനിച്ച 39കാരന്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറിക്ക് സമാനമായ കൂട്ട സൈബര്‍ ആക്രമണത്തെ അതിജീവിച്ച് യൂറോപ്യന്‍ യൂണിയന് കരുത്തുപകര്‍ന്ന നേതാവ്. ഫ്രാന്‍സിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഭാവിയില്‍ അതിനിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് (65.1 ശതമാനം) ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നതോടെ, യൂറോപ്പിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനെന്ന് പ്രഖ്യാപിക്കുന്നു, മാക്രോണ്‍.
ലോകമാകെ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മരിന്‍ ലെപെന്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചു. ആദ്യറൗണ്ടില്‍ മക്രോണ്‍ 23.9 ശതമാനവും ലെപെന്‍ 21.4 ശതമാനവുമാണ് നേടിയത്. കുടിയേറ്റ-മുസ്‌ലിം വിരുദ്ധ നയത്തിലൂടെ തീവ്ര ദേശീയ വികാരം ഇളക്കിവിട്ട് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ വിജയമായിരുന്നു ലെപെന്‍ കണക്ക് കൂട്ടല്‍. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ എന്നീ മുഖ്യ പാര്‍ട്ടികള്‍ പുറത്തു നില്‍ക്കേണ്ടിവന്ന തെരഞ്ഞെടുപ്പ് എന്ന സവിശേഷത ഇത്തവണയുണ്ട്. വലത് തീവ്ര നിലപാടിന് യൂറോപ്പ് അനുകൂലമല്ലെന്ന് ഫ്രാന്‍സും തെളിയിച്ചു. കഴിഞ്ഞ മാസം നെതര്‍ലാന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര ദേശീയ വികാരം ഇളക്കിവിട്ട് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ശക്തികള്‍ പരാജയപ്പെട്ടു. സെപ്തംബര്‍ 24ന് ജര്‍മ്മനിയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. അഭിപ്രായ സര്‍വേ അനുസരിച്ച് നിലവിലെ ചാന്‍സലര്‍ മെര്‍ക്കല്‍ ആഞ്ചേലയുടെ പാര്‍ട്ടിക്ക് തന്നെയാണ് മുന്‍തൂക്കം.
രാജ്യ സുരക്ഷയായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഭീകരാക്രമണം നടന്നു. 2015-ലെ പാരീസ് ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുന്നുമുണ്ട്. മൂന്ന് വര്‍ഷത്തിനിടെ നിരവധി ഭീകര പ്രവര്‍ത്തനം അരങ്ങേറിയ നാടാണിത്. ഇത്തരം ഭീകരാക്രമണത്തിന്റെ പേരില്‍ ദേശീയ വികാരം ഇളക്കിവിടാനായിരുന്നു, ‘ഫ്രഞ്ച് ട്രംപ്’ എന്നറിയപ്പെടുന്ന ലെപെന്നിന്റെ നീക്കം. ജനസംഖ്യയില്‍ പത്ത് ശതമാനം മുസ്‌ലിംകളാണ്. തെരഞ്ഞെടുപ്പിനെ വളരെ ആശങ്കയോടെ വീക്ഷിച്ച മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മാക്രോണിന്റെ വിജയം ആശ്വാസം പകരുന്നു.
ലോക സമൂഹത്തില്‍ പ്രമുഖ സ്ഥാനം ഫ്രാന്‍സിനുണ്ട്. യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗം. നാറ്റോ സൈനിക സഖ്യത്തിലെ പ്രമുഖ പങ്കാളി. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്‍ വിട്ട്‌പോയ പ്രതിസന്ധി തരണം ചെയ്യുന്നതിന് ഫ്രാന്‍സിന്റെ തുണ അനിവാര്യമായ സന്ദര്‍ഭം. യൂണിയന്‍ വിടണമെന്ന് വാദിച്ച ലെപെന്നിന്റെ തോല്‍വി യൂറോപ്പിന് ആശ്വാസം പകരും. മക്രോണിന്റെ വിജയം തടയാന്‍ അവസാന നിമിഷം വരെ ശ്രമം ഉണ്ടായി. കൂട്ട സൈബര്‍ ആക്രമണം ഇതിന്റെ ഭാഗമാണ്. മക്രോണിന്റെ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് സംബന്ധമായും 70,000 ഫയലുകളുമായി ബന്ധപ്പെട്ടായിരുന്നു സൈബര്‍ ആക്രമണം. ഈ കുപ്രചാരണം മക്രോണിന്റെ വിജയത്തെ ബാധിച്ചില്ല. ട്രംപിന്റെ വരവിന് ശേഷം ലോകഗതി മാറിയെന്നായിരുന്നു വിശ്വസിച്ചുവന്നത്. കുടിയേറ്റ പ്രശ്‌നം ഏറ്റവുമധികം ബാധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഉല്‍ക്കണ്ഠാകുലരുമാണ്. 44 വര്‍ഷത്തെ ചരിത്രം അവസാനിപ്പിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട്‌പോയതോടെ യൂറോപ്പിന്റെ ഐക്യം ശിഥിലമാവുന്നു എന്നായിരുന്നു ഉല്‍കണ്ഠ. ഫ്രാന്‍സില്‍ മിതവാദിയായ മക്രോണിന്റെ വിജയം ‘ട്രംപ് ചിന്താഗതി’യെ യൂറോപ്പിന് സ്വീകാര്യമല്ലെന്ന് തെളിയിക്കുന്നു. എലിസി കൊട്ടാരത്തില്‍ മക്രോണ്‍ എത്തുന്നത് യൂറോപ്പിന് കരുത്തും പകരും. ജര്‍മ്മനിയുള്‍പ്പെടെ വരാനിരിക്കുന്ന യൂറോപ്പിലെ തെരഞ്ഞെടുപ്പുകളില്‍ തീവ്ര വലതുപക്ഷ വെല്ലുവിളിക്ക് ശക്തിക്ഷയം സംഭവിക്കും.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ വിവാദം സൃഷ്ടിച്ചതാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം ശരിവെച്ചു. ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ സൈബര്‍ ആക്രമണത്തെക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് മുന്നോട്ടുവരുന്നുണ്ട്.
ലെപെന്നിന്റെ കുടിയേറ്റ വിരുദ്ധ നയം വിജയിപ്പിക്കാന്‍ ശ്രമിച്ചതില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ എന്ന സംശയം പ്രബലമാണ്. റഷ്യന്‍ ഇടപെടലിന് സമാനമായ ഏതെങ്കിലും ശക്തികള്‍ പിന്നിലുണ്ടോയെന്ന് അറിയാനിരിക്കുകയാണ്. ഫ്രഞ്ച് ജനതയുടെ ജനാധിപത്യാവകാശത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ദുശ്ശക്തികള്‍ക്കെതിരെ പ്രസിഡന്റ് ഫ്രാന്‍ശ്വ ഓലന്ദിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ നടപടിസ്വീകരിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ ഭാവിയില്‍ മക്രോണിന് സാധിച്ചാല്‍ മാത്രമേ ശക്തമായ ഭരണം കാഴ്ചവെക്കാന്‍ കഴിയൂ.