X

ചൈനീസ് സില്‍ക്ക് പാത: യൂറോപ്പ് ജാഗ്രത പാലിക്കണം-മക്രോണ്‍

 

ബീജിങ്: പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ജാഗ്രത പാലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ചൈനയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സില്‍ക്ക് റൂട്ട് പദ്ധതിയെ മക്രോണ്‍ അഭിനന്ദിച്ചു.

എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ യൂറോപ്പിന്റെ തന്ത്രപ്രധാന മേഖലകള്‍ക്ക് കോട്ടം തട്ടുന്നില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സില്‍ക്ക് പാതയുടെ കാര്യത്തില്‍ യൂറോപ്പ് പൊതു നിലപാടില്‍ എത്തേണ്ടതുണ്ട്. പദ്ധതിയെ തള്ളിക്കളയാനാവില്ല. അതോടൊപ്പം യൂറോപ്പിന് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അവഗണിച്ചാല്‍ ഖേദിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും റെയില്‍, നാവിക, റോഡ് ബന്ധങ്ങള്‍ ഒരുക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രണ്ടു തട്ടിലാണ്. യൂറോപ്യന്‍ താല്‍പര്യങ്ങള്‍ ബലി കഴിച്ചും ചില രാജ്യങ്ങള്‍ക്ക് ചൈനീസ് പദ്ധതിയോട് തുറന്ന സമീപനമാണുള്ളതെന്ന് മക്രോണ്‍ പറഞ്ഞു. ഉദാഹരണത്തിന് ഗ്രീസ് തങ്ങളുടെ പിരയൂസ് തുറമുഖം ചൈനക്ക് വിറ്റിരിക്കുകയാണ്. ജൂണില്‍ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപനം ഗ്രീസ് തടയുകയും ചെയ്തു. സില്‍ക്ക് പാത വരുമ്പോള്‍ തന്ത്രപ്രധാന മേഖലകള്‍ സംരക്ഷിച്ചാല്‍ അത് യൂറോപ്പിന് ഗുണം ചെയ്യുമെന്ന് മക്രോണ്‍ പറഞ്ഞു.

ബ്രിട്ടന്‍ പുറത്തുപോകുന്നതിനുള്ള തയാറെടുപ്പ് തുടരുകയും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മക്രോണ്‍ യൂറോപ്യന്‍ യൂണിയന്റെ പ്രധാനിയായി വളര്‍ന്നുകഴിഞ്ഞു. മക്രോണിന്റെ സന്ദര്‍ശനത്തിനിടെ ചൈനയും ഫ്രാന്‍സും നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഫ്രഞ്ച് ബീഫിനുള്ള വിലക്ക് ആറു മാസത്തിനകം നീക്കാന്‍ ചൈന സമ്മതിച്ചിട്ടുണ്ട്.

chandrika: