X
    Categories: Newsworld

‘ഒരിക്കലും കീഴടങ്ങില്ല’: അറബിയില്‍ ട്വീറ്റ് ചെയ്ത് മക്രോണ്‍- പ്രതിഷേധം കനക്കുന്നു

പാരിസ്: തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്‍ കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്‍ അറബിയില്‍ കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.

അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്. ‘ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്‍വലൗകിക മൂല്യങ്ങള്‍ക്കും ഒപ്പമാണ് നമ്മള്‍ നില കൊള്ളുന്നത്’ – എന്നാണ് മക്രോണ്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്‍ശവുമായി മക്രോണ്‍ രംഗത്തെത്തിയിരുന്നത്. കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്‍ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്‍ കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്‌ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരുന്നത്. തുര്‍ക്കി അവരുടെ അഭിഭാഷകനെ പാരിസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. കുവൈത്ത്, ഖത്തര്‍, സൗദി എന്നിവിടങ്ങളില്‍ ഫ്രഞ്ച് ഉല്‍പ്പനങ്ങളുടെ ബഹിഷ്‌കരണവും ആരംഭിച്ചിരുന്നു. മധ്യേഷ്യയിലെ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ഫ്രഞ്ച് ചരക്കുകള്‍ ലഭ്യമല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Test User: