X
    Categories: gulfNews

യുഎഇയുടേത് ചരിത്രപരമായ തീരുമാനം: എം.എ യൂസുഫലി

ദുബൈ: യുഎഇയില്‍ പ്രവാസികളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പ്രഖ്യാപനം നാഴികക്കല്ലാണെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി. അനുയോജ്യമായ സമയത്താണ് തീരുമാനം വന്നത്. ആഗോള തലത്തില്‍ യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഈ നിയമം ഉപകരിക്കും.

മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും മാന്ദ്യവും മറികടക്കാന്‍ ലോകം മുഴുവന്‍ പുതുവഴികള്‍ തേടുകയാണ്. ഈ നിയമം പുതിയ ബിസിനസുകള്‍ തുടങ്ങുന്നവര്‍ക്കും നിലവിലെ സംരംഭകര്‍ക്കും സഹായകരമാകുമെന്നുറപ്പാണ്. ബിസിനസുകള്‍ നടത്തുന്നത് അനായാസകരമാക്കാനുള്ള യുഎഇ രാഷ്ട്ര നേതാക്കളുടെ ദീര്‍ഘവീക്ഷണമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും ഇത് എല്ലാ മേഖലകളിലെയും സാമ്പത്തിക ഉത്തേജനത്തിന് കാരണമാകുമെന്നും യൂസുഫലി പറഞ്ഞു.

യുഎഇ പൗരന്‍മാര്‍ സ്‌പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലാവും. യുഎഇ കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: