ദുബൈ: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രമുഖ വ്യവസായി എം.എ യൂസുഫലിയും പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫോറത്തിനിടെ ആഗോള പ്രശസ്ത കമ്പനികളുടെ സിഇഒമാര്‍ക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കി. 60 പ്രത്യേക ക്ഷണിതാക്കളില്‍ മൈക്രോസോഫ്റ്റിന്റെ സത്യാ നാഡെല്ല, എറിക്‌സണ്‍ സിഇഒ ബോര്‍ജ് എക്കോം, ആലിബാബയുടെ ജാക്ക് മാ, ഐകിയയുടെ ജോസ്പര്‍ ബ്രോഡിന്‍ എന്നിവരും ഉള്‍പ്പെട്ടു. റൗണ്ട് ടേബ്ള്‍ ചര്‍ച്ചയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉന്നത സിഇഒമാര്‍ പങ്കെടുക്കും. അത്താഴ വിരുന്നില്‍ 100 ഉന്നതരാണ് പങ്കെടുത്തത്. മുകേഷ് അംബാനി, രാഹുല്‍ ബജാബ്, അസിം പ്രേംജി, സുനില്‍ മിത്തല്‍ എം.എ യൂസുഫലി, സജ്ജന്‍ ജിന്‍ഡാല്‍, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര, ഉദയ് കൊടക് എന്നിവരാണ് നയിച്ചത്.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തികാ ഫോറത്തില്‍ പങ്കെടുക്കുന്നത്. 50ലധികം രാഷ്ട്രത്തലവന്മാരും നിരവധി സിഇഒമാരും സാന്നിഹിതരാകുന്നു. ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ പരിചയപ്പെടുത്താന്‍ ദാവോസിലെ ഫോറം മുഖേന സാധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി നിക്ഷേപകരാണ് ഇന്ന് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തല്‍പരരായി രംഗത്ത് വരുന്നത്. ബിസിനസ് സുഗമമായി നടത്താന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ആഗോള ബിസിനസ് സമൂഹം ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ വളരെ തല്‍പരരാണെന്നും അദ്ദേഹം വ്യക്തമാക്കി.