X

അനാഥ സംരക്ഷണത്തില്‍ എം.എ മുഹമ്മദ് ജമാല്‍ ഏറ്റവും മികച്ച മാതൃക: സാദിഖലി തങ്ങള്‍

ദുബൈ: അനാഥകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്‌ള്യു.എം.ഒ) ദീര്‍ഘകാലം നയിച്ച ജന.സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാല്‍ ആധുനിക സമൂഹത്തിലെ ഏറ്റവും മികച്ച മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘സ്മരണീയം’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാഥകളെ സംരക്ഷിക്കുന്ന കുറെ പേരുണ്ടാവാം. എന്നാല്‍, വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും ജീവിതോപാധികളിലും അവര്‍ക്ക് അഭിമാനകരമായ ഉയര്‍ച്ചയും നിലവാരവും ഉണ്ടാക്കിക്കൊടുത്ത ഉന്നത വ്യക്തിത്വമായിരുന്നു ജമാല്‍ സാഹിബെന്നും തങ്ങള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജീവിതമുടനീളം മാതൃകയായിരുന്നു. വെറുതെ എന്തെങ്കിലും പറയുകയല്ല, ജനങ്ങളെ കൂടി ഭാഗഭാക്കാക്കി നല്ലൊരു സാമൂഹിക ഘടനയെയും അദ്ദേഹം സൃഷ്ടിച്ചെടുത്തുവെന്നും
സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

ഒരു സ്ഥാപനത്തിലെ 6 കുട്ടികളില്‍ നിന്നും 20 സ്ഥാപനങ്ങളിലായി 11,000ത്തിലധികം കുട്ടികള്‍ എന്ന ഉന്നത വിദ്യാഭ്യാസ വളര്‍ച്ചയിലേക്ക് അദ്ദേഹം ഡബ്‌ള്യു.എം.ഒയെ എത്തിച്ചു. സല്‍കര്‍മങ്ങള്‍ ചെയ്യുന്നതിനോടൊപ്പം നല്ല മനുഷ്യനാവുകയെന്ന സന്ദേശവും അദ്ദേഹം സ്വജീവിതത്തിലൂടെ കാട്ടിത്തന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ജന.സെക്രട്ടറി മജീദ് മടക്കിമല സ്വാഗതമാശംസിച്ച പരിപാടിയില്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വഫ്‌വാന്‍ ഖിറാഅത്ത് നടത്തി. ഡബ്‌ള്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍, അയ്യൂബ് കച്ചേരി, മൊയ്തു മക്കിയാട് സംസാരിച്ചു.

ഡബ്‌ള്യു.എം.ഒയുടെ നിത്യവരുമാനത്തിനായി കല്‍പറ്റയില്‍ നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സെന്റര്‍ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച അഞ്ചു പൂര്‍വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഡബ്‌ള്യു.എം.ഒ ട്രഷറര്‍ അഡ്വ. മുഹമ്മദലി നന്ദി പറഞ്ഞു. എം.എ മുഹമ്മദ് ജമാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിച്ചു. സദസ്യരില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള തെരഞ്ഞെടുപ്പും ഈ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

webdesk14: