തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിമര്‍ശനമുണ്ടാകും വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ചചെയ്താണെന്നും ബേബി പറഞ്ഞു. നിയമഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു ശേഷം ആദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് മുതിര്‍ന്ന നേതാവ് പരസ്യമായി പ്രതികരിക്കുന്നത്.
വിമര്‍ശനം ശക്തമായതോടെ ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സിനെതിരെ ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
പൊലീസ് നിയമത്തിലെ 118എ വകുപ്പില്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വന്ന വിവാദ ഭേദഗതി മാധ്യമ മാരണ നിയമമായി മാറുമെന്ന വന്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണു സര്‍ക്കാറിന് താല്‍ക്കാലികമായി പിന്‍മാറേണ്ടി വന്നത്. അതേസമയം ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞാല്‍ വീണ്ടും ഓര്‍ഡിനന്‍സ് പൊടിതട്ടിയെടുക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.