X

രാജിവെക്കില്ല; അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് എം. വിന്‍സന്റ

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. വിന്‍സന്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സമ്മര്‍ദ്ദമാണ് തന്റെ അറസ്റ്റിനു പിന്നില്‍. വടക്കാഞ്ചേരി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഎം നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതല്‍ തുടങ്ങുകയാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും വിന്‍സന്റ് മാധ്യമങ്ങളോടു പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് വിന്‍സന്റിന്റെ പ്രതികരണം.

രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലെത്തിച്ചാണ് വിന്‍സന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തെത്തിച്ചു. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎല്‍എയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തന്നൊണ് ആരോപണം. ഒരു വൈദികനെയും കന്യാസ്ത്രീയെയും ഇക്കാര്യം അറിയിച്ചിരുന്നു. മൂന്നുപേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം വിന്‍സന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു. കോടതി കുറ്റക്കാരനെന്ന് വിധിച്ചാലെ പാര്‍ട്ടി നടപടിയെടുക്കൂ. കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹസന്‍ പ്രതികരിച്ചു.

കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ അറസ്റ്റ് അസാധാരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഈ മാസം 25ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല ചങ്ങനാശേരിയില്‍ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ വിന്‍സെന്റ് രാജിവച്ച് മാതൃക കാണിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. മുന്‍കാല പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു കുറ്റം ചെയ്യുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലും നിരപരാധിത്വം അദ്ദേഹം വിശദീകരിച്ചിരുന്നു. വിന്‍സന്റിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുന്നതിന് ശക്തമായി മുന്നോട്ടു പോകണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു.

chandrika: