തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ സര്‍ക്കാര്‍ കണ്ണീര്‍ത്തടമാക്കിയെന്ന് എം. ഉമ്മര്‍. ആദര്‍ശത്തിന്റെ പരിവേശവുമായി നടക്കുന്ന സി.പി.ഐക്കാര്‍ ആ മുഖംമൂടി അഴിച്ചുവെക്കുകയാണ് വേണ്ടെതെന്നും നിയമസഭയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ ചര്‍ച്ചയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള നിയമമാണ് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചത്. 2008ല്‍ വി.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് എങ്ങനെ കഴിഞ്ഞെന്നാണ് താന്‍ അത്ഭുതപ്പെടുന്നത്. ശ്രീനിവാസനും കെ.ടി ജേക്കബും കെ.പി രാജേന്ദ്രനും അടക്കമുള്ള റവന്യൂമന്ത്രിമാര്‍ സി.പി.ഐക്കുണ്ടായിരുന്നു. അവരൊക്കെ അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാലിപ്പോള്‍ റവന്യൂമന്ത്രിയും സി.പിഐയും സി.പി.എമ്മിന് കീഴടങ്ങിയിരിക്കുന്നു. സബ്ജക്ട് കമ്മിറ്റിയില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ബില്ലാണിത്. ഭരണകക്ഷി അംഗങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ പോലും നിയമം ഭേദഗതി ചെയ്യുമ്പോഴുണ്ടാകുന്ന അപകടം വ്യക്തമാകും. 30 ക്ലോസില്‍ 14ഉം ഭേദഗതി ചെയ്തിരിക്കുന്നു. സി.പി.ഐയുടെ മുല്ലക്കര രത്‌നാകരനെ പോലുള്ള എം.എല്‍.എമാര്‍ ഒ.എന്‍.വിയുടെയും സുഗതകുമാരി ടീച്ചറുടെയും അയ്യപ്പപണിക്കരുടെയും കവിതകള്‍ ഉദ്ധരിച്ച് പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ്. ഇപ്പോള്‍ ഈ നിയമം അട്ടിമറിക്കുമ്പോള്‍ അവര്‍ അതിനൊപ്പം ഉറച്ചുനില്‍ക്കുകയാണോയെന്നും ഉമ്മര്‍ ചോദിച്ചു.
ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ട് പത്തുമാസമായി. എന്ത് നേട്ടമാണുണ്ടായതെന്ന് വ്യക്തമാക്കണം. പത്തുമാസത്തിനിടെ കേരളത്തില്‍ ധാരാളം നെല്‍വയലുകള്‍ നികത്തപ്പെട്ടു. പ്രധാനപ്പെട്ട നാലിടത്ത് ഏക്കറുകണക്കിന് നികത്തിയെടുത്തു. എന്ത് അത്യാവശ്യ സാഹചര്യത്തിലാണ് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. ആരെ സംരക്ഷിക്കാനായിരുന്നു ഇതെന്നും അറിയില്ല. സര്‍ക്കാരിന്റെ ആവശ്യത്തിനല്ലാതെ നികത്തപ്പെട്ട ഭൂമി തിരിച്ചെടുക്കാനാകുമോ. ഇത് ജനങ്ങളെ പറ്റിക്കാനുള്ള തീരുമാനമാണെങ്കില്‍ സമൂഹത്തില്‍ ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ‘വിജ്ഞാപനം ചെയ്യാത്ത ഭൂമി’യെന്ന് പേരിട്ട് ജനത്തെ പറ്റിക്കുകയാണ്. കുഞ്ഞുമാളുവിനെ കുട്ടിമാളുവെന്ന് പേരുമാറ്റിയതു പോലെയാണിത്. പേര് മാത്രമേ മാറുന്നുള്ളൂ. എല്‍.ഡി.എഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അഴിമതിക്ക് കളമൊരുക്കാനുമാണ് ഈ നിയമഭേദഗതി. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാനാവില്ലെന്ന് സി.പി.ഐക്കാര്‍ ഓര്‍ക്കണം.
താനിവിടെ പറയുന്നത് മുസ്‌ലിം ലീഗിന്റെ അഭിപ്രായമാണ്. സി.പി.ഐയുടെ അഭിപ്രായം എന്താണെന്ന് നിയമസഭയില്‍ പറയാന്‍ മുതിര്‍ന്ന അംഗം സി. ദിവാകരന്‍ തയാറാകണം. ഈ നിയമം പാസാക്കുന്നവര്‍ അനുഭവിക്കേണ്ടിവരും.
പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ടാണ് ഈ ഭേദഗതികള്‍ നടപ്പിലാക്കുന്നത്. ഇത് പൗരാവകാശങ്ങളുടെ മേലുള്ള വെല്ലുവിളിയാണെന്നും മൗലികാവകാശ ധ്വംസനമാണെന്നും ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു.