X

എം ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്. രാവിലെ പത്തുമണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങും.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രിയോടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം. മുന്‍കൂര്‍ ജാമ്യ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

chandrika: