തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ തിരികെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ നീക്കം. സസ്‌പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കി.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്‍, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ഇതിനായി സര്‍ക്കാര്‍ നിയോഗിച്ചത്. പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറി ഹരിത വി കുമാറാണ് ഇതുമായി ബന്ധപ്പെട്ട ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സിവില്‍ സര്‍വ്വീസ് ചട്ടത്തിലെ 3 (8) സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെല്ലാം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
.