കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുകൂടി ഇന്നലെ എം.പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ ജാഗത്ര നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. യു.എ.ഇയില്‍ നിന്ന് ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറില്‍ രാവിലെ വീട്ടിലെത്തി. ശേഷം വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബില്‍ പരിശോധനക്കെത്തി. 16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകീട്ട് ആറിന് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിയ രീതിയിലാണ് റൂട്ട് മാപ്പ്.
രണ്ട് എംപോക്‌സ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ യു.എ.ഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചിരുന്നു. എം പോക്‌സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.