X
    Categories: MoreViews

വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക് അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു എല്‍.ഡി.എഫില്‍ ചേര്‍ന്നേക്കും.  സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എല്‍.ഡി.എഫിലേക്ക് പോകുമെന്ന് വീരേന്ദ്രകുമാര്‍ സൂചന നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവെച്ച് യോഗത്തില്‍ നിന്നിറങ്ങിപ്പോയി. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം മുന്നണിമാറ്റം വീരേന്ദ്രകുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

എല്‍.ഡി.എഫിലേക്ക് പോകാനുള്ള തീരുമാനത്തെ യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും അനുകൂലിച്ചതായും തീരുമാനം ഇന്നുണ്ടാകുമെന്നും ജെ.ഡി.യു സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ക് പി. ഹാരിസ് സ്ഥിരീകരിച്ചു. എന്നാല്‍ അന്തിമ തീരുമാനം സെക്രട്ടറിയേറ്റിന്റേതല്ല, സംസ്ഥാന കൗണ്‍സിലിന്റേതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വീരേന്ദ്രകുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നെന്നും മറ്റുള്ളവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ പോലും അവസരം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി എല്‍.ഡി.എഫിലേക്കു പോകാന്‍ ആലോചിക്കുന്നതായി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. മുന്നണിമാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ടുദിവസം നീളുന്ന നേതൃയോഗമാണ്  തലസ്ഥാനത്ത് ആരംഭിച്ചത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് മുന്നണി പ്രവേശനത്തിന്റെ സൂചനകള്‍ വീരേന്ദ്രകുമാര്‍ നല്‍കിയത്.

chandrika: