ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മക്ക് പകരം കേന്ദ്രസര്‍ക്കാര്‍ സിബിഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ച എം നാഗേശ്വരറാവുവിന് സംഘ്പരിവാറുമായും ബിജെപിയുമായും അടുത്ത ബന്ധം. ആര്‍എസ്എസ് ദേശീയ വക്താവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ റാംമാധവിന്റെ ഉറ്റമിത്രമാണ് നാഗേശ്വരറാവു. തെലങ്കാന വാറങ്കല്‍ സ്വദേശിയായ നാഗേശ്വരറാവു സംഘ്പരിവാറുമായി ബന്ധമുള്ള സംഘടനകളില്‍ സജീവമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രങ്ങളെ സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളില്‍നിന്ന് മോചിപ്പിക്കുക, ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലവും ഹിന്ദുക്കള്‍ക്ക് പ്രതികൂലവുമായ നിയമങ്ങള്‍ റദ്ദാക്കുക, മാംസ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി രാജ്യത്തിന്റെ സാംസ്‌കാരികത്തനിമ സംരക്ഷിക്കുക തുടങ്ങിയ തീവ്രഹിന്ദു ആവശ്യങ്ങള്‍ മുന്നില്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളാണിവ.
നരേന്ദ്ര മോഡി സര്‍ക്കാരിനുകീഴില്‍ തഴച്ചുവളരുന്ന ഇന്ത്യാഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നാഗേശ്വരറാവുവിന് ബിജെപിയുടെ മുതിര്‍ന്ന നേതാവും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യനായിഡുവുമായും അടുത്ത ബന്ധമുണ്ട്.
സംഘപരിവാര്‍ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴുപേര്‍ ചേര്‍ന്ന് അടുത്തിടെ രൂപീകരിച്ച ‘ഹിന്ദു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്‌സിന്’ പിന്നില്‍ നാഗേശ്വരറാവുവിന് വലിയ പങ്കുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ‘ഹിന്ദു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്‌സ്’ രൂപീകരണത്തിന്റെ ഭാഗമായി ശ്രീജന്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയിലെ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആഗസ്ത് 25ന് സംഘടിപ്പിച്ച പരിപാടിയില്‍ നാഗേശ്വരറാവുവും പങ്കെടുത്തു.
ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായ നാഗേശ്വരറാവുവിന് എതിരെ നിരവധി അഴിമതി ആരോപണങ്ങളും നിലവിലുണ്ട്. ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റേഴ്‌സ് ലിമിറ്റഡിന്റെ ശതകോടികള്‍ വിലമതിക്കുന്ന ചെന്നൈയിലെ ഭൂമി വിജിഎന്‍ ഡെവലപ്പേഴ്‌സ് എന്ന റിയല്‍എസ്‌റ്റേറ്റ് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം റാവു ഇടപെട്ട് അട്ടിമറിച്ചതായി തമിഴ് വാര്‍ത്താപോര്‍ട്ടല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ് നാഗേശ്വരറാവുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു.
സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും മോഡിയുടെയും അമിത് ഷായുടെയും വിശ്വസ്തനുമായ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയ്ക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതിന് പിന്നാലെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നിര്‍ബന്ധിത അവധി എടുക്കാന്‍ സര്‍ക്കാര്‍ അലോക് വര്‍മയോട് നിര്‍ദേശിച്ചത്.
വിവാദമായ റഫേല്‍ ഇടപാടിനെ കുറിച്ചുള്ള പരാതികള്‍ അലോക് വര്‍മയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അസാധാരണ ഉത്തരവിലൂടെ താല്‍ക്കാലിക ഡയറക്ടര്‍ പദവിയില്‍ എത്തിയ നാഗേശ്വരറാവു ആദ്യം ചെയ്ത കാര്യം, അസ്താനയ്ക്ക് എതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിക്കലാണ്.