X

പുസ്തകങ്ങള്‍ ലോകകമ്പോളത്തില്‍ എത്തിക്കാന്‍ ലോബിയിങ് നടത്തണം: എം.മുകുന്ദന്‍

കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്‍ത്തനങ്ങള്‍ പെന്‍ഗ്വിന്‍ ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്‍ഗ്വിന്‍ ഇന്റര്‍നാഷണല്‍ വഴി പുസ്തകങ്ങള്‍ പുറംരാജ്യങ്ങളില്‍ എത്തിക്കാന്‍ കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. അവര്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്‍ പറഞ്ഞു.

മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഇന്ത്യയിലുള്ള വായനക്കാര്‍ക്ക് മാത്രമെ വായിച്ചാസ്വദിക്കാന്‍ കഴിയൂ എന്നൊരു പരിമിതി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതും പരിഹരിക്കേണ്ട പ്രശ്‌നമാണ്. മലയാളത്തിലെ കൃതികളുടെ വിവര്‍ത്തനം കിട്ടുന്നില്ല എന്ന പരാതി പുറത്ത് ഉയരുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മലയാളകൃതികള്‍ പുറംരാജ്യങ്ങളില്‍ എത്താത്തതുപോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലും വേണ്ടപോലെ എത്തുന്നില്ലെന്ന് സേതു പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ഭാഷകളിലെ കൃതികളുമായി നമുക്ക് സമ്പന്നമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു. യശ്പാല്‍, മുല്‍ക്ക് രാജ് ആനന്ദ്,ആശപൂര്‍ണാദേവി, ബിമല്‍മിത്ര തുടങ്ങിയവരുടെ കൃതികള്‍ മലയാളരചനകളെ പോലെ നാം വായിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സേതു പറഞ്ഞു. പാണ്ഡവപുരം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ജാരന്‍ എന്ന വാക്ക് പ്രശ്‌നമായി. ജാര്‍ എന്നാണ് വിവര്‍ത്തകനായ യു.കെ.എസ് ചൗഹാന്‍ മൊഴിമാറ്റിയത്. ഒരു വാക്കിന്റെ പ്രശ്‌നം ചിലപ്പോള്‍ നോവലിനെ തകര്‍ക്കും-സേതു പറഞ്ഞു.

പുസ്തകത്തിന്റെ പ്രമോഷനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് മഹാ അപരാധവും അധമവുമായി കാണുന്ന പ്രവണത മലയാളത്തില്‍ മാത്രമാണെന്ന് ബെന്യാമിന്‍ പറഞ്ഞു. പുസ്തകത്തിന്റെ കവര്‍ നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍പോലും പഴി കേള്‍ക്കേണ്ടിവരുന്ന എഴുത്തുകാര്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഇത് പുസ്തകത്തിന്റെ പ്രചാരണത്തിനും വില്‍പനക്കും തടസ്സമായി മാറുന്നുണ്ട്്്. വിവര്‍ത്തനത്തിന്റെ ഇതാണ് സംഭവിക്കുന്നത്. വിപണി ആവശ്യപ്പെടുന്ന പിന്തുണ പുസ്തകത്തിന് നല്‍കേണ്ടത് അനിവാര്യമാണ്. അതൊരു മോശം പ്രവൃത്തിയായി കാണേണ്ടതില്ല. ബെന്യാമിന്‍ പറഞ്ഞു. വിവര്‍ത്തകനെ അഥവാ വിവര്‍ത്തകയെ രണ്ടാംനിരക്കാരായി കാണുന്ന പ്രവണതയാണ് ഇവിടെയുള്ളതെന്ന് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജ ചെയ്ത ഇ.വി ഫാത്തിമ പറഞ്ഞു. സുഭാഷ് ചന്ദ്രന്‍, റൂബിന്‍ ഡിക്രൂസ് എന്നിവരും പ്രസംഗിച്ചു.

chandrika: