X

ആ നോവല്‍ ചന്ദ്രികയില്‍ എഴുതിച്ചത് ഇ അഹമ്മദ്: എം മുകുന്ദന്‍

എന്റെ സാഹിത്യ ജീവിതത്തില്‍ ചന്ദ്രിക ആഴച്ചപതിപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ആദ്യ കാലത്ത് ചന്ദ്രിക ആഴ്ച്ചപതിപ്പുമായി നല്ലബന്ധമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം മുന്‍ മന്ത്രി കൂടിയായിരുന്ന ഇ അഹമ്മദ് ആയിരുന്നു. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധമാണ് ചന്ദ്രിക ആഴ്ച്ചപതിപ്പിലും എത്തിയത്. അന്ന് ഇ അഹമ്മദിന്റെ ആവശ്യപ്രകാരം ഞാന്‍ ചന്ദ്രിക ആഴ്ച്ചപതിപ്പില്‍ ഒരു ലേഖനം എഴുതി. ഈ ലോകം അതിലൊരു മനുഷ്യന്‍ എന്നായിരുന്നു നോവലിന്റെ പേര്.

അന്ന് ചന്ദ്രികയില്‍ കാര്‍ട്ടൂണിസ്റ്റ് ബിഎം ഗഫൂറും ഉണ്ടായിരുന്നു. അദ്ദേഹവുമായി എനിക്ക് വലിയ ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ആഴ്ച്ചപതിപ്പില്‍ എന്റെ നോവല്‍ വളരെ മനോഹരമായി പ്രസിദ്ധീകരിച്ചു വന്നു. നോവല്‍ പ്രസിദ്ധീകരിച്ചുവന്ന ആദ്യത്തെ ലക്കത്തിന്റെ കവര്‍ എം ഗഫൂര്‍ വരച്ചതായിരുന്നു. അക്കാലത്ത് ഈ നോവല്‍ വളരെ ശ്രദ്ധ നേടി.

എനിക്ക് ആദ്യമായി ഒരു അവാര്‍ഡ് ലഭിക്കുന്നതും ഈ നോവലിനായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരമാണ് ലഭിച്ചത്.പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോള്‍ കുറച്ച് കാലം ചന്ദ്രികയുമായുള്ള ബന്ധം വിട്ടുപോയിരുന്നു.പക്ഷേ അവിടെയുള്ള സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്തി.ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ തുടങ്ങിയ സുഹൃത്തുക്കള്‍ അന്ന് ചന്ദ്രികയില്‍ ഉണ്ടായിരുന്നു. അക്കാലത്തും ചന്ദ്രിക ആഴ്ച്ചപതിപ്പിന് വേണ്ടി എഴുതി. ഇപ്പോഴും ഞാന്‍ ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ വരിക്കാരനാണ്.

Test User: