X

ഹാട്രിക് വിജയം തേടി എം.കെ രാഘവന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കോഴിക്കോട്: ഹാട്രിക് വിജയം തേടി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ ജില്ലാ കലക്റ്റര്‍ മുന്‍പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കലക്റ്ററേറ്റില്‍ എത്തി ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്റ്റര്‍ സാംബശിവ റാവു മുമ്പാകെയാണ് 4 സെറ്റ് പത്രിക കൈമാറിയത്. എം.എ റസാഖ് മാസ്റ്റര്‍, അഡ്വ.പി.എം നിയാസ്, അഡ്വ. ഷാജു ജോര്‍ജ്, സി.പി നരേന്ദ്രനാഥ് എന്നിവര്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു.

പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ എം കെ രാഘവന്‍റെ കൈവശമുള്ളത് 15000 രൂപ, 24 ഗ്രാം സ്വര്‍ണ്ണവുമാണ് ഉള്ളത്.

രാഘവന് സ്വന്തമായി വീടില്ല, ഭൂമിയില്ല, സ്വന്തമായി ഇന്നോവ കാറും ഭാര്യയ്ക്ക് സ്വിഫ്റ്റ് കാറുമുണ്ട്. ഭാര്യയുടെ പേരില്‍ പയ്യന്നൂരില്‍ രണ്ട് വീടുകളുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി ശങ്കരന്‍, കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍, തെരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.എം നിയാസ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. കാര്യങ്ങള്‍ എല്ലാം അനുകൂലമാണെന്നും നല്ല വിജയപ്രതീക്ഷയുണ്ടെന്നും എം.കെ രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ പ്രമുഖ ഗാന്ധിയനും സ്വാന്ത്ര്യസമര സേനാനിയുമായ തായാട്ട് ബാലന്‍, സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് എം.കെ രാഘവന്‍ പത്രികാ സമര്‍പ്പണത്തിന് എത്തിയത്. സ്ഥാനാര്‍ഥിയെ ആശീര്‍വദിക്കാന്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ കലക്റ്ററേറ്റ് പരിസരത്ത് എത്തിയിരുന്നു.

മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ഹാജി, സി മോയിന്‍കുട്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം സുരേഷ് ബാബു, എം.ടി പത്മ, എന്‍.സി അബൂബക്കര്‍, കെ.സി അബു, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, സി വീരാന്‍കുട്ടി, കായക്കല്‍ അഷറഫ്, കായിക്കര ബാബു, എം വീരാന്‍കുട്ടി, യു.വി ദിനേശ് മണി, എം രാജന്‍, കെ രാമചന്ദ്രന്‍, കെ.പി ബാബു, വി.സി ചാണ്ടി മാസ്റ്റര്‍, ടി മൊയ്തീന്‍, ഉഷാദേവി ടീച്ചര്‍, കെ.വി സുബ്രഹ്മണ്യന്‍, കെ മുഹമ്മദലി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം കലക്റ്ററേറ്റില്‍ എത്തി.

chandrika: