X

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.

കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം വിമോചനസമരമാണ്. 1975ല്‍ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍…’ എന്ന ഗാനം ഉള്‍പ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് മങ്കൊമ്പിലെ രചയിതാവിനെ കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. തുടര്‍ന്ന് ബാബുമോന്‍ എന്ന ചിത്രം പുറത്തുവന്നു.

ഹരിഹരന്‍ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എംഎസ് വിശ്വനാഥന്‍ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.

അതുപോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്. ബാഹുബലി ഉള്‍പ്പെടെ 200 ചിത്രങ്ങളില്‍ അദ്ദേഹം സഹകരിച്ചു.

ശ്രീകോവില്‍ ചുമരുകള്‍ ഇടിഞ്ഞുവീണു (കേണലും കളക്ടറും), രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, കണ്ണാംപൊത്തിയിലേലേ (അമ്മിണി അമ്മാവന്‍), കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ (മിസ്സി), ശരപഞ്ജരത്തിനുള്ളില്‍ ചിറകിട്ടടിക്കുന്ന ശാരികേ, സുഗന്ധീ സുമുഖീ (കര്‍ണ്ണപര്‍വം), പാലാഴിമങ്കയെ പരിണയിച്ചു, വര്‍ണ്ണചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്), നവനീത ചന്ദ്രികേ തിരി താഴ്ത്തൂ, ശംഖനാദം മുഴക്കുന്നു (അവള്‍ക്ക് മരണമില്ല), സംക്രമസ്‌നാനം കഴിഞ്ഞു (ഇനിയെത്ര സന്ധ്യകള്‍)… തുടങ്ങി മങ്കൊമ്പ് – ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന നിരവധി മനോഹര ഗാനങ്ങള്‍ ഇന്നും മലയാളികള്‍ ഏറ്റുപാടുന്നു.

webdesk13: