X
    Categories: Culture

ലിബിയയില്‍ അഭയാര്‍ത്ഥികളെ അടിമകളാക്കി വില്‍ക്കുന്നു

ജനീവ: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ അഭയാര്‍ത്ഥികളെ ലിബിയയില്‍ അടിമകളാക്കി വില്‍ക്കുന്നതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്. ലൈംഗികാവശ്യങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ആളുകളെയാണ് ലിബിയയില്‍ അടിമകളെപ്പോലെ വില്‍ക്കുന്നത്. ഒരാള്‍ക്ക് 200 ഡോളറെന്ന തോതില്‍ പോലും അഭയാര്‍ത്ഥികള്‍ വിറ്റുപോയതായി ഇന്റര്‍നാഷ ണല്‍ ഓര്‍ഗനൈസേഷന്‍ ഫോ ര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) പറയുന്നു.

യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തുകാര്‍ അഭയാര്‍ത്ഥികളെ സമീപിക്കുന്നത്. പണം തട്ടുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ അവരെ തടങ്കലില്‍ പാര്‍പ്പിക്കുന്നു. യൂറോപ്യന്‍ യാത്രക്ക് പറഞ്ഞ പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ബന്ദികളാക്കിവെക്കുന്നു. ദീര്‍ഘകാല തടവില്‍ പാര്‍പ്പിച്ച ശേഷം ഇവരെ ലിബിയയില്‍ അടിമകളാക്കി വില്‍ക്കുകയാണ്. ലിബിയയിലെ പല സ്ഥലങ്ങളിലും അടിമച്ചന്തകളിലേതിന് സമാനമായ സ്ഥിതിയാണുള്ളതെന്നും ഐ.ഒ.എം മേധാവി ഉസ്മാന്‍ ബല്‍ബേസി പറഞ്ഞു. ഒരു ചരക്കെന്ന പോലെയാണ് അഭയാര്‍ത്ഥികളെ വില്‍ക്കുന്നത്. ഒരാള്‍ക്ക് 200 ഡോളര്‍ മുതല്‍ 500 ഡോളര്‍ വരെയാണ് വില നിശ്ചയിക്കുന്നത്. ഇങ്ങനെ വില്‍ക്കപ്പെടുന്ന ചിലര്‍ രക്ഷപ്പെടുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും മാസങ്ങളോളം തടവില്‍ കഴിയേണ്ടിവരുന്നു. ചിലപ്പോള്‍ സ്വാന്ത്ര്യം നേടിയെന്നിരിക്കും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കപ്പെടും.
മനുഷ്യക്കടത്തുകാരുടെ വാക്കുകേട്ട് സെനഗലില്‍നിന്ന് പുറപ്പെട്ട ഒരാള്‍ക്ക് ലിബിയയില്‍ അടിമയാകേണ്ടിവന്നു. യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്ന് ഉറപ്പുകൊടുത്ത മനുഷ്യക്കടത്തുകാരന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് അദ്ദേഹവും സംഘവും യാത്ര തിരിച്ചത്. മരുഭൂമിയിലൂടെ ക്ലേശപൂര്‍ണമായ യാത്രക്കൊടുവില്‍ ലിബിയയിലെത്തിയപ്പോള്‍ ട്രക്ക് ഡൈവര്‍ പണം ആവശ്യപ്പെട്ടു. സെനഗലിലെ ഏജന്റ് തനിക്ക് പണം തന്നിട്ടില്ലെന്നും അയാള്‍ വ്യക്തമാക്കി. ആവശ്യപ്പെട്ട പണം കൊടുക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ട അഭയാര്‍ത്ഥിക സംഘത്തെ ഒരു പാര്‍ക്കിങ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന അടിമച്ചന്തയില്‍ വില്‍ക്കുകയായിരുന്നു. സബ് സഹാറന്‍ അഭയാര്‍ത്ഥികളെ ലിബിയക്കാരാണ് പണം കൊടുത്തുവാങ്ങുന്നത്. അഭയാര്‍ത്ഥികളെ ബന്ദികളാക്കിവെച്ച് കുടുംബങ്ങളോട് വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന ക്രിമിനല്‍ സംഘങ്ങളും ലിബിയയില്‍ സജീവമാണ്. സ്ത്രീകളെ ലൈംഗിക അടിമകളാക്കിയാണ് വെക്കുന്നത്. ചില ബന്ദികളെ രക്ഷിതാക്കള്‍ സ്വന്തം വീടു പോലും വിറ്റാണ് മോചിപ്പിക്കുന്നത്.

chandrika: