X

ലൂന vs ഓഗ്ബജേ

കഴിഞ്ഞ ജൂലൈയില്‍ മധ്യനിര താരം അഡ്രിയാന്‍ നിക്കോളസ് ലൂണ റെറ്റാമര്‍ എന്ന ലൂണയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചപ്പോള്‍ നെറ്റി ചുളിച്ചവരായിരുന്നു ഏറെയും. താരത്തിന്റെ മികവില്‍ ആരാധകര്‍ ഉള്‍പ്പെടെ പലരും സംശയം പ്രകടിപ്പിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങായിരുന്നു ലൂണ. എട്ടു മാസങ്ങള്‍ക്കിപ്പുറം ഉറുഗ്വേ താരം വലങ്കാല്‍ കൊണ്ടുള്ള മന്ത്രജാലത്താല്‍ ടീമിന്റെ നെടുന്തൂണായി നിലയുറപ്പിക്കുമ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ലൂണ ലയണ്‍ തന്നെ !.

ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ വരെയുള്ള യാത്രയില്‍ ലൂണയുടെ കൃത്യമായ കയ്യൊപ്പുണ്ട്്. ഗോളടിച്ചും ഗോളടിപ്പിച്ചും ലൂണ ടീമിനെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ആദ്യകിരീടം അകലെയല്ലെന്ന് ആരാധകരും കണക്ക്കൂട്ടുന്നു. നാളെ ഹൈദരാബാദ് എഫ്‌സിക്കെതിരെ ഇറങ്ങുമ്പോള്‍ ലൂണ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പ്ചീട്ട്. ബോക്‌സിന് പുറത്ത് ഏതുനിമിഷവും അപകടം വിതയ്ക്കുന്ന ലൂണ നൈസാം പ്രതിരോധ പടയ്ക്ക് തലവേദന സൃഷ്ടിക്കും. ജംഷഡ്പൂരിനെതിരെ രണ്ടാംപാദ സെമിയില്‍ നേടിയ ഗോള്‍ ഉള്‍പ്പെടെ ആറുതവണ ലൂണ എതിരാളികളുടെ വല തുളച്ചു. ആറും ഐഎസ്എലിലെ തന്നെ മനോഹരമായ ഗോളുകള്‍. എടികെ മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവ ടീമുകള്‍ക്കെതിരായ ലൂണയുടെ ഫ്രീകിക്ക് ഗോളുകള്‍ അതിമനോഹരമായിരുന്നുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. ഏഴു ഗോളുകള്‍ക്ക് ഈ 29കാരന്‍ അവസരമൊരുക്കുകയും ചെയ്തു. ഉറുഗ്വേയുടെ മുന്‍ അണ്ടര്‍-17, അണ്ടര്‍-20 താരമായ ലൂണ, ഇരു വിഭാഗങ്ങളിലായി 19 മത്സരങ്ങളില്‍ ദേശീയ ജഴ്‌സി അണിഞ്ഞു. 2009ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിലും, 2011ല്‍ ഫിഫ അണ്ടര്‍-20 ലോകകപ്പിലും കളിച്ചു. രണ്ട് ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടി. 12 വര്‍ഷത്തിലേറെ നീണ്ട ക്ലബ് കരിയറില്‍ ഇതുവരെ എല്ലാ ക്ലബ്ബുകള്‍ക്കുമായി 358 മത്സരങ്ങളില്‍ പന്തുതട്ടി. 53 ഗോളുകളും 53 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. മെല്‍ബണ്‍ സിറ്റി എഫ്‌സിയെ അവരുടെ ആദ്യ എ ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിലേക്ക് നയിച്ച ശേഷമാണ് രണ്ടു വര്‍ഷത്തെ കരാറില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഉപനായകനായാണ് സീസണ്‍ ആരംഭിച്ചത്, ജെസല്‍ കാര്‍നെയ്‌റോയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ജനുവരിയില്‍ നായകസ്ഥാനത്തെത്തി. കളത്തിലും പുറത്തും ടീമിന്റെ യുവനിരയെയും പരിചയനിരയെയും അസ്വാരസ്യങ്ങളില്ലാതെ ഒത്തിണക്കി കൊണ്ടുപോവുന്നതിലും ലൂണ ജയിച്ചു. ഒരു ജയം അകലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതിഹാസ നായകനെന്ന പട്ടം ലൂണയെ കാത്തിരിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്‌സി, നാലു വര്‍ഷമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തുതട്ടുന്ന നൈജീരിയിന്‍ സ്‌ട്രൈക്കര്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ നാലു സീസണുകളിലായി കളിച്ച ക്ലബുകളാണിത്. ഓരോ സീസണിലും ക്ലബ്ബ് മാറുന്ന താരത്തിന് ഗോളടിക്കുന്നകാര്യത്തില്‍ മാത്രം മാറ്റമില്ല. ഇത്തവണയും ഗോളടി യന്ത്രമായതോടെ ഹൈദരാബാദ് എഫ്‌സി ആദ്യമായി ഐഎസ്എല്‍ ഫൈനലിലേക്കും കുതിച്ചു. കഴിഞ്ഞ തവണ മുംബൈക്കൊപ്പം കിരീടം നേടിയ ഒഗ്‌ബെച്ചെയ്ക്ക് നാളെ ടീമിനെ ജയിപ്പിക്കാനായാല്‍ അത് ചരിത്ര നേട്ടമാവും. കിരീടപോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നതും ഒഗ്‌ബെച്ചെ ആയിരിക്കും. നാളെ ഗോള്‍ കണ്ടെത്തിയാല്‍ ഐഎസ്എലിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡും താരത്തെ കാത്തിരിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ ഒഗ്‌ബെച്ചെ ഗോള്‍ കണ്ടെത്തിയിരുന്നു. ഏത് പൊസിഷനിലും തിളങ്ങുന്ന, ഈ അതിവേഗക്കാരനെ തടയാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. സീസണില്‍ ഇതുവരെ 18 ഗോളുകളാണ് നൈജീരിയന്‍ ഈഗിള്‍ എന്ന് വിളിപ്പോരുള്ള താരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആംഗുലേയുടെ നേട്ടം പത്തുഗോള്‍ മാത്രം. നിലവില്‍ ഐഎസ്എലിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനാണ്, നാലു സീസണുകളിലായി 53 ഗോളുകള്‍. 2001ല്‍ പിഎസ്ജിയിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ ഒഗ്‌ബെച്ചെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തിയതോടൈ കൂടുതല്‍ കരുത്തനായി. 2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായാണ് ഐഎസ്എലിലെ അരങ്ങേറ്റം, 12 ഗോള്‍ നേടി വരവറിയിച്ചു. അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴിനൊപ്പം ചേര്‍ന്ന താരം അവിടെയും ഗോളടി തുടര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് നേടിയ 29 ഗോളുകളില്‍ 15 എണ്ണവും ഒഗ്ബച്ചെയുടെ ബൂട്ടില്‍ നിന്നായിരുന്നു. സീസണിലെ ഗോള്‍നേട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിലും താരം റെക്കോഡ് സൃഷ്ടിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ എഫ്‌സിക്കൊപ്പമായിരുന്നു അടുത്ത സീസണ്‍, അവിടെ എട്ടുഗോളുകള്‍ നേടി. ഈ സീസണില്‍ ഹൈദരാബാദിലെത്തി. തന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടയുമായി (18) ഒഗ്‌ബെച്ചെ പടയോട്ടം തുടരുന്നു.

 

Test User: