ഐ.എസ്.എല്ലില്‍ കൊച്ചിയില്‍ തോല്‍വി അറിയാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയെ തകര്‍ത്തു വിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒഡീഷ ലീഡ് എടുത്തു. 15ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയാണ് ആദ്യ ഗോളടിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ 2 പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഓടിക്കയറിയ ഡീഗോ മൗറീഷ്യോ വല കുലുക്കി. ബ്രസീലിയന്‍ താരത്തെ തടയാന്‍ ശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സച്ചിന്റെ കൈയ്യില്‍ നിന്നും പന്ത് വഴുതി പോസ്റ്റിലേക്ക്.
19ാം മിനിറ്റില്‍ വീണ്ടും മുന്നിലെത്താനുള്ള അവസരം ഒഡീഷ എഫ്‌സി നഷ്ടപ്പെടുത്തി. ഇസാക് റാള്‍ട്ടെയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്വിക്ക് ഒഡീഷ ആദ്യം നശിപ്പിച്ചു. അഹമ്മദ് ജഹായുടെ കിക്ക് ക്രോസ്ബാറില്‍ തട്ടി തിരികെ വന്നു.
പക്ഷേ ബ്ലാസ്‌റ്റേഴ്‌സിന്റെ നവോച സിംഗ് പന്ത് കൈകൊണ്ട് തട്ടിയതില്‍ ഒഡീഷയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പക്ഷേ ഇത്തവണ സച്ചിന്‍ സുരോഷ് രക്ഷകനായി. ഡിഗോ മൗറീഷ്യയുടെ പെനാല്‍റ്റിയും പിന്നാലെ ഇസാക് റാള്‍ട്ടെയുടെ ഗോള്‍ശ്രമവും ഡബിള്‍ സേവിലൂടെ സച്ചിന്‍ രക്ഷപെടുത്തി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വീണ്ടും സച്ചിന്റെ കിടിലന്‍ സേവ് ഉണ്ടായി. ഡീഗോ മൗറീഷ്യയ്ക്ക് സച്ചിനെ മാത്രമാണ് മുന്നില്‍കിട്ടിയത്. സച്ചിന്റെ സേവിന് പിന്നാലെ റഫറി ഓഫ്‌സൈഡ് ഫ്‌ലാഗും ഉയര്‍ത്തി. മത്സരത്തില്‍ പിന്നിലായ ശേഷം സമനില ഗോള്‍ കണ്ടെത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായി. പക്ഷേ അഡ്രിയാന്‍ ലൂണയെയും സംഘത്തെയും ഒഡീഷ താരങ്ങള്‍ പ്രതിരോധിച്ചു. ആദ്യ പകുതിയില്‍ ബോള്‍ പൊസഷനില്‍ ഇരുടീമുകളും ഏകദേശം തുല്യത പാലിച്ചു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ സമയം നശിപ്പിക്കാനായിരുന്നു ഒഡീഷ തീരുമാനിച്ചത്. ഇതോടെ 57ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിനെ പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചിനെ സൂപ്പര്‍ സബ് ആി കളത്തിലിറക്കി. 66ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. ദിമിത്രിയോസ് ഡയമന്റക്കോസ് സൂപ്പര്‍ സബായി മാറി. ഡയമന്റക്കോസിന്റെ ഷോട്ട് ഒഡീഷ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗിനെ മറികടന്ന് വലയില്‍. മത്സരം 1-1.
84ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ എത്തി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് കേരളത്തിനായി ഗോള്‍ നേടിയത്. ലൂണയുടെ വലംകാലില്‍ നിന്നുയര്‍ന്ന ഷോട്ട് തടയാന്‍ ഓടിയെത്തിയ അമരന്ദീര്‍ സിംഗിന് സാധിച്ചില്ല. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് 2-1ന് മുന്നിലെത്തി. അവസാന നിമിഷം ഒഡീഷ സമനിലയ്ക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവാന്‍ വുകാമനോവിച്ച് തിരികെ വന്ന ആദ്യ മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് ആവേശ ജയം.