X

ലുലു 259-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ചെങ്കടലിന്റെ തീരത്ത് പ്രവർത്തനമാരംഭിച്ചു; ലക്ഷ്യം സൗദിയില്‍ 100 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍

യാമ്പു: പ്രമുഖ അന്താരാഷ്ട്ര വാണിജ്യ ശൃംഗലയായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ 259-ാമത് ഹൈപ്പര്‍മാര്‍ക്കറ്റിന് ചെങ്കടലിന്റെ തീരത്ത് തുടക്കമായി.

സൗദി അറേബ്യയില്‍ ചെങ്കടല്‍തീരത്തെ തുറമുഖനഗരമായ യാമ്പുവിലാണ് സൗദിയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. സൗദി അറേബ്യയിലെ 34 മത്തേതും ആഗോള തലത്തില്‍ 259-ാമത്തെതുമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് യാമ്പുവില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.

128,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സൗദി റോയല്‍ കമ്മീഷന്‍ സെന്ററില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അതിവിശാലവും ഉപഭോക്താക്കള്‍ക്ക് ആയസരഹിതമായി ഷോപ്പിംഗ് അനുഭവം നല്‍കുന്നതാണ്.

സൗദിയുടെ പരിവര്‍ത്തനത്തില്‍ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ചൂണ്ടിക്കാട്ടി. ലുലു സൗദിയിലെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന, മികച്ച ഗുണമേന്മയും ഉന്നത നിലവാരവും പുലര്‍ത്തുന്ന സ്ഥാപനമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

സൗദി ഭരണാധികാരികളുടെ ഭാവനാസമ്പന്നതയും ദീര്‍ഘദര്‍ശനവും എടുത്ത് പറയേണ്ടതാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി വ്യക്തമാക്കി. സൗദി അറേബ്യയില്‍ 100 ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ലക്ഷ്യമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അദ്ദേഹം നന്ദി അറിയിച്ചു.

യാമ്പു റോയല്‍ കമ്മീഷന് വേണ്ടി സിഇഒ എഞ്ചിനീയര്‍ അബ്ദുല്‍ ഹാദി അല്‍ ജൂഹാനി, യാമ്പു ചേമ്പര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ സാലിം അല്‍ ശഹദലി തുടങ്ങിയവര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി യോടൊപ്പം ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.
ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, ലുലു ജിദ്ദ റീജിയണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

webdesk13: