X

ഗസ്സയിലേക്ക് ലുലു ഗ്രൂപ് സഹായ ഹസ്തം

കയ്‌റോ: ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്. ഭക്ഷ്യസാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവശ്യ വസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കയ്‌റോയിലെ റീജ്യണല്‍ ഓഫീസ് ഗാസയിലെത്തിക്കുന്നത്. ലുലു ഈജിപ്ത്-ബഹ്‌റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജ്യണല്‍ ഡയറക്ടര്‍ ഹുസെഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജര്‍ ഹാതിം സായിദ് എന്നിവര്‍ ചേര്‍ന്ന് ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. റാമി എല്‍ നാസറിന് സഹായങ്ങള്‍ കൈമാറി. ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ അല്‍ റഫ അതിര്‍ത്തി വഴി അരീഷ് പട്ടണത്തില്‍ എത്തിക്കുമെന്ന് റാമി എല്‍ നാസര്‍ അറിയിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സഹായ സാമഗ്രികളാണ് ലുലു ഗ്രൂപ് കൈമാറിയെതെന്നും ഇതിന് ലുലു ഗ്രൂപ്പിനോടും ചെയര്‍മാന്‍ എം.എ യുസഫലിയോടും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50 ടണ്‍ സഹായ വസ്തുക്കളാണ് ആദ്യ ഘട്ടത്തില്‍ ലുലു ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൈമാറിയത്. യുദ്ധത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച ‘തറാഹും ഫോര്‍ ഗസ്സ’യുമായും ലുലു ഗ്രൂപ് കൈ കോര്‍ക്കുന്നുണ്ട്. ഇതിനായി വിവിധ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ സഹായങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. യുഎഇ റെഡ് ക്രസന്റ് മുഖേനയാണ് ഈ സഹായങ്ങള്‍ ഗാസയിലേക്ക് അയക്കുന്നത്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായും ലുലു ഗ്രൂപ് പങ്ക് ചേരുന്നുണ്ട്. യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ബഹ്‌റൈന്‍ ലുലു ഗ്രൂപ് 25,000 ദിനാര്‍ (55 ലക്ഷം രൂപ) ബഹ്‌റൈനി റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ഇതിനകം കൈമാറിയിട്ടുണ്ട്.

webdesk14: