X

ഐ.പി.എല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ലുലുവും? ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീം11ന്

ദുബൈ: യു.എ.ഇ വേദിയാകുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സഹസ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്തു വരെ നടക്കുന്ന കായിക മാമാങ്കത്തിന്റെ അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പാണ് ലുലു പരിഗണിക്കുന്നത്. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ചില നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 സ്വന്തമാക്കി. ടാറ്റ സണ്‍സ്, ബൈജൂസ്, അണക്കാഡമി തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് ഡ്രീം11 സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് കമ്പനിയായ വിവോ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് മാറിയതിനെ തുടര്‍ന്നാണ് ബി.സി.സി.ഐക്ക് പുതിയ കമ്പനിയെ കണ്ടെത്തേണ്ടി വന്നത്.
222 കോടിക്കാണ് ഡ്രീം11 ലേലം സ്വന്തമാക്കിയത്. അണക്കാഡമി 210 കോടിയും ടാറ്റ 180 കോടിയുമാണ് മുമ്പോട്ടുവച്ചത്. 125 കോടിയാണ് ബൈജൂസ് മുടക്കാമെന്നേറ്റത്.

ലഡാകിലെ സംഘര്‍ഷത്തിന് പിന്നാലെ, ചൈനീസ് കമ്പനികളെ വ്യാപകമായി ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് വിവോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത്. 2017ല്‍ 2199 കോടിക്കാണ് വിവോ അഞ്ചു വര്‍ഷത്തേക്ക് ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയിരുന്നത്. 440 കോടിയാണ് ഒരു സീസണില്‍ വിവോ മുടക്കുക.

Test User: