ദുബൈ: ആഗോളതലത്തിലെ മുന്‍നിര ധനകാര്യ വിനിമയ സേവന ദാതാക്കളായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് അവരുടെ ഇരുന്നൂറ്റി അമ്പതാമത്തെ ശാഖ ദുബായില്‍ തുറന്നു. ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പത്ത് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലെ 87-ാമത് ശാഖ കൂടിയാണിത്.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും, ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെയും ഫലമാണ് ഇരുന്നൂറ്റി അമ്പത് ശാഖകളിലേക്ക് എത്തിയ കമ്പനിയുടെ ജൈത്രയാത്രയെന്ന് അദീബ് അഹ്മദ് പറഞ്ഞു. യുഎഇയില്‍ മാത്രമല്ല, മറ്റ് വിപണികളിലും ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കിയതിനുള്ള അംഗീകാരമാണിത്. ഉപഭോക്താക്കള്‍ ധനകാര്യ ഇടപാടുകളില്‍ നേരിട്ടിരുന്ന പ്രായോഗിക തടസ്സങ്ങള്‍ നീക്കി ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കാനായതാണ് കമ്പനിയുടെ നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുന്നൂറ്റി അമ്പതാം ശാഖ ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെ ഷാര്‍ജയിലെ പുതിയ രണ്ട് ബ്രാഞ്ചുകളുടെ ഉദ്ഘാടനവും നടന്നു. ഷാര്‍ജ അല്‍ മജാസ്, മാസ മേഖലയിലാണ് പുതിയ ബ്രാഞ്ചുകള്‍ തുറന്നിരിക്കുന്നത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ജിസിസിയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഏഷ്യപസഫിക് മേഖലയിലും വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ്. പണമിടപാട്, വിദേശ കറന്‍സി വിനിമയം, എംഎസ്എംഇകള്‍ക്കുള്ള ഘടനാപരമായ ധനസഹായം, ഇന്ത്യയിലെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കുള്ള മൈക്രോ ഫിനാന്‍സ് തുടങ്ങി, നിരവധി ധനകാര്യ സേവനങ്ങളാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ലഭ്യമാക്കുന്നത്. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് കമ്പനിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.