കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ്ഹയാത്ത് ഹോട്ടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 1800 കോടി രൂപമുതല്‍മുടക്കില്‍ പണിതുയര്‍ത്തിയ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിയാണിത്. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി ഉള്‍പ്പെടെയുള്ള കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള വിശിഷ്ടാതിഥികള്‍, നയതന്ത്ര പ്രതിനിധികള്‍, വ്യവസായികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മൈസ് (മീറ്റിംഗ്‌സ്, ഇന്‍സെന്റീവ്‌സ്, കണ്‍വെന്‍ഷന്‍സ്, എക്‌സിബിഷന്‍സ്) ടൂറിസം രംഗത്ത് ഇന്ത്യയുടെ ഹബ്ബാകാന്‍ പോകുകയാണ് ലുലു ബോള്‍ഗാട്ടിയിലൂടെ കൊച്ചി. ലോകത്തെ ഏറ്റവും അധികം വരുമാനമുണ്ടാക്കുന്ന ഒരു മേഖലയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ടൂറിസം. മൈസ് ടൂറിസം പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന്റെ സമ്പദ്ഘടനക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. മൊത്തം13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിതിട്ടുള്ള ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററുമുള്‍പ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ ഇനി കൊച്ചിയിലേക്ക് ആകര്‍ഷിക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പണിത കണ്‍വെന്‍ഷന്‍ സെന്റര്‍ രാജ്യത്തെ തന്നെ ഏറ്റവും വലിപ്പമേറിയതാണ്. ഹോട്ടലിലും കണ്‍വെന്‍ഷന്‍ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി ഏകദേശം പതിനായിരത്തില്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പന.
അതിവിശാലമായ പാര്‍ക്കിംഗ് ഏരിയയില്‍ 1500 കാറുകള്‍ പാര്‍ക്ക് ചെയ്യാം. ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. മൂന്ന് ഹെലിപാഡുകളും ഇവിടെയുണ്ട്. അതിമനോഹരമായി ലാന്‍ഡ്‌സ്‌കേപ് ചെയ്ത ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററുമടങ്ങുന്ന പ്രദേശം കായലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന അതിമനോഹരമായ കാഴ്ചയാണ് നല്‍കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിലെ ഏറ്റവും വലിയ ഹാളായ ‘ലിവ’യില്‍ 5,000 ലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. മൂന്നായി വിഭജിക്കാന്‍ സാധിക്കുന്ന ഈ ഹാളില്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന എഴുനൂറിലധികം കസേരകള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മടങ്ങി ചുവരില്‍ പോയിരിക്കുന്ന സവിശേഷതയുമുണ്ട്. പ്രധാന സ്‌റ്റേജിനോടു ചേര്‍ന്ന് ഗ്രീന്‍ റൂമുകളും വിഐപി വിശ്രമ മുറികളുമുണ്ട്. വേമ്പനാട് എന്നു പേരിട്ട രണ്ടാമത്തെ പ്രധാന ഹാളില്‍ 2,200 ലധികം പേരെ ഉള്‍ക്കൊള്ളാനാകും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ നാടായ ‘നാട്ടികയുടെ’ പേരാണ് വേറൊരു ഹാളിന് നല്‍കിയിട്ടുള്ളത്.
ഇത് കൂടാതെ അതിവിശിഷ്ടാതിഥികള്‍ക്ക് വിശ്രമിക്കാനായി ‘ദിവാന്‍’ എന്നപേരിലുള്ള ഒരു ഹാള്‍ വേറെയുമുണ്ട്. ഹോട്ടലിന്റെ ബാള്‍ റൂമില്‍ 1,200 പേരെ ഉള്‍ക്കൊള്ളാനാകും. നിരവധി ചെറിയ ഹാളുകളും ഹോട്ടലിലുണ്ട്. ഇവയെല്ലാം ചേര്‍ത്ത് പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഹയാത്ത് ഗ്രൂപ്പിന്റെ ആഡംബര ഹോട്ടല്‍ ബ്രാന്‍ഡായ ‘ഗ്രാന്‍ഡ് ഹയാത്തി’ല്‍ 42 സ്യൂട്ട് റൂമുകളുള്‍പ്പെടെ 265 മുറികളാണുള്ളത്. രാഷ്ട്രത്തലവന്മാര്‍ക്കു താമസിക്കാനുള്ള വില്ലകളും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും, ക്ലബ്ബ് റൂമുകളും മറ്റും അതിന്റെ ഭാഗമാണ്. കേരളത്തില്‍ ഇതുവരെ ഇല്ലാത്ത ഇത്തരം സൗകര്യങ്ങള്‍ സമ്മേളന ടൂറിസത്തിനാണ് മുതല്‍ക്കൂട്ടാകുക. ബോട്ടുകള്‍ക്കും ഉല്ലാസ നൗകകള്‍ക്കും അടുക്കാന്‍ മൂന്ന് ജെട്ടികള്‍, വാട്ടര്‍ ഫ്രണ്ട് ഡെക്ക്, വാട്ടര്‍ ആംഫി തിയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിങ്ങനെ നിരവധി പ്രത്യേകതകളോടെയാണ് ലുലുഗ്രൂപ്പിന്റെ ഈ വമ്പന്‍ പദ്ധതി ഒരുങ്ങിയിട്ടുള്ളത്.