X
    Categories: gulfNews

ഓണ്‍ലൈന്‍ വിതരണത്തിനായി ലുലുവും ആമസോണും കൈകോര്‍ക്കുന്നു

അബുദാബി: ഓണ്‍ലൈന്‍ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ യു.എ.ഇ.യില്‍ വിതരണം ചെയ്യുന്നതിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണത്തിലേര്‍പ്പെടുന്നത്.

അബുദാബി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറഫ യുടെ സന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ആമസോണ്‍ മിഡില്‍ ഈസ്‌റ് വൈസ് പ്രസിഡന്റ് റൊണാള്‍ഡോ മോചവറുമാണ് കരാറില്‍ ഒപ്പ് വെച്ചത്.

ഉപഭോക്താക്കള്‍ക്ക് ഇനി ആമസോണില്‍ കൂടി ലുലു ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഇത് പ്രകാരം ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ എത്തിക്കും. ആദ്യഘട്ടത്തില്‍ ദുബായ് മറീന, ബര്‍ഷ, പാം ജുമേറ, അറേബ്യന്‍ റെയ്ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണ ശൃംഖലലഭ്യാമാകുന്നത്. പിന്നീട് യു.എ.ഇ. യിലെ എല്ലാ നഗരങ്ങളിലും ഇത് ലഭ്യമാകും.

സ്വകാര്യ സംയുക്ത സംരംഭങ്ങള്‍ യു എ ഇ വാണിജ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് അബുദാബി സാമ്പത്തിക വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി ഷോറഫാ പറഞ്ഞു. നവീനമായ ഈ സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന ആമസോണിനെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കാണ് ലുലു എന്നും മുന്‍ഗണന നല്കിയിട്ടുള്ളതെന്ന് എം എ യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനായി ആമസോണുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് നല്‍കുകയെന്ന് ആമസോണ്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് റൊണാള്‍ഡോ മോച്ചവര്‍ പറഞ്ഞു

രണ്ടാം ഘട്ടത്തില്‍ മറ്റ് ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത് എന്നിവിടങ്ങലിലും ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ആയസരഹിതമായും ലഭ്യമാക്കുമെന്ന്
ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ലുലു ഗ്രുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി എന്നിവരും സംബന്ധിച്ചു

Test User: