ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിനെ എവര്‍ട്ടനില്‍ നിന്ന് വാങ്ങുന്ന കാര്യം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്ഥിരീകരിച്ചു. കരാര്‍ തുക തീരുമാനമായതായും മെഡിക്കല്‍, വ്യക്തിപര വ്യവസ്ഥകള്‍ക്കനുസൃതമായി ലുകാകു ഓള്‍ഡ് ട്രഫോഡിലെത്തുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
24-കാരനായ ലുകാകുവിനു വേണ്ടി 75 ദശലക്ഷം പൗണ്ട് (624 കോടി രൂപ) ആണ് യുനൈറ്റഡ് മുടക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയും ലുകാകുവിനു വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും എവര്‍ട്ടന്‍ ആവശ്യപ്പെട്ട വന്‍തുക നല്‍കാന്‍ തയാറായത് യുനൈറ്റഡ് മാത്രമായിരുന്നു. യുനൈറ്റഡുമായുള്ള കരാര്‍ പ്രകാരം ലുകാകുവിന്റെ ഏജന്റ് മിനോ റയോളക്ക് 12 ദശലക്ഷം പൗണ്ട് ലഭിക്കും.
ടീനേജര്‍ ആയിരിക്കെ ചെല്‍സിക്കു വേണ്ടി കളിച്ചിരുന്ന ലുകാകുവിനെ മൂന്നു വര്‍ഷം മുമ്പ് ഹോസെ മൗറീഞ്ഞോ ആണ് എവര്‍ട്ടന് വിറ്റത്. മാഞ്ചസ്റ്റര്‍ കോച്ചായി ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ മൗറീഞ്ഞോ പിന്നീട് യുവതാരത്തെ തന്റെ ടീമിലെത്തിക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നു.
2014-ല്‍ എവര്‍ട്ടനിലേക്ക് സ്ഥിരമായി മാറിയതിനു ശേഷം 110 മത്സരങ്ങളില്‍ 53 ഗോള്‍ ലുകാകു നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് ടീം ഓഫ് ഇയറില്‍ താരം ഇടംപിടിച്ചിരുന്നു.