മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ ഗോള്‍ഡന്‍ ബോളിന് അര്‍ഹനാക്കിയത്. ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്.
ഈ ലോകകപ്പിന്റെ കണ്ടുപിടുത്തമായ ഫ്രഞ്ച് താരം കിലിയന്‍ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി. ഈ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടിയാണ് എംബപെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ആറ് ഗോളുകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ സ്വന്തമാക്കി. ലോകകപ്പ് നേടിയ ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് കുര്‍ട്ടോയുടെ പുരസ്‌കാരനേട്ടം.