ലഖ്‌നൗ സര്‍വകലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് 20,000 രൂപ പിഴ ചുമത്തി അധ്യാപകന്‍. സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി ആയുഷ് സിങ്ങിനെതിരെയാണ് ക്രൂര നടപടി.
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. എന്നാല്‍ വീട്ടില്‍നിന്നും ദിവസവും വന്നുപോകുന്ന ആയുഷ് സിങ് സെപ്റ്റംബര്‍ മൂന്നിന് അവിടെനിന്ന് ഭക്ഷണം കഴിച്ചതാണ്് പ്രശ്‌നമായത്. ആരോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാന്റീന്റെ ചുമതലയുള്ള അധ്യാപകന്‍ വിനോദ് കുമാര്‍ സിങ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ പിടികൂടി. ആയുഷ് സിങ് അധ്യാപകനോട് മാപ്പു പറയുകയും വിശപ്പ് മൂലമാണ് ഭക്ഷണം കഴിച്ചതെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇനി നിയമം ലംഘിക്കില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞുവെങ്കിലും അധ്യാപകന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒരാഴ്ചയ്ക്കകം 20,000 രൂപ പിഴ അടയ്ക്കാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. സംഭവം വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.