ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഉത്തര്‍ പ്രദേശ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സൈഫുല്ലാ എന്ന യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് വിസമ്മതിച്ചു. ‘രാജ്യദ്രോഹി’യായ മകന്റെ മൃതദേഹം തനിക്ക് ആവശ്യമില്ലെന്ന് പിതാവായ സര്‍താജ് പറഞ്ഞു. രാജ്യദ്രോഹിക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും മകനാണെന്ന് പറയാന്‍ പോലും താന്‍ തയാറില്ലെന്നും സര്‍താജ് പറഞ്ഞു.
ഭോപാല്‍-ഉജ്ജയ്ന്‍ തീവണ്ടിയില്‍ സ്‌ഫോടനം നടത്തിയതില്‍ പങ്കാളിയെന്ന് കരുതപ്പെടുന്ന സൈഫുല്ലയെ 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരതാ വിരുദ്ധ സ്‌ക്വാഡും എന്‍.ഐ.എയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇന്ത്യയിലെ ആദ്യ ഐ.എസ് ഭീകരാക്രമണമായിരുന്നു ഉജ്ജയ്‌നിലേതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
തന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയും ജോലിക്ക് പോകാതിരിക്കുകയും ചെയ്ത സൈഫുല്ലയെ താന്‍ അടിച്ചിരുന്നുവെന്നും ഇതേതുടര്‍ന്ന് രണ്ടര മാസം മുമ്പാണ് വീടു വിട്ടതെന്നും സര്‍താജ് പറയുന്നു. ‘തിങ്കളാഴ്ച സൈഫുല്ല വിളിച്ചിരുന്നു. സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ വിസിറ്റ് വിസ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പോകാന്‍ തയാറെടുക്കുകയാണെന്നും പറഞ്ഞു. മുന്നോട്ടു പോകൂ എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നീട് കേള്‍ക്കുന്നത് അവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്.’ സര്‍താജ് പറഞ്ഞു.
താനും തന്റെ മുന്‍ഗാമികളും ജനിച്ചതും ജീവിച്ചതും ഇന്ത്യയിലാണെന്നും സ്വന്തം രാജ്യത്തെ വഞ്ചിക്കുന്ന ഒരാളെ മകനായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.